ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്‌സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും. പ്രതിപക്ഷ നേതൃ സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്- എന്‍.സി.പി ലയനം നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇരുപാര്‍ട്ടികളും സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. അതേസമയം രാഹുല്‍ ഗാന്ധിയുടെ രാജിയില്‍ അനിശ്ചിതത്വം തുടരുകയാണ്.
നാളെ ചേരുന്ന കോണ്‍ഗ്രസ് എം.പി മാരുടെ യോഗത്തിലാണ് കക്ഷി നേതാവിനെ തിരഞ്ഞെടുക്കുക. രാഹുല്‍ ഗാന്ധി അല്ലെങ്കില്‍ ബംഗാളില്‍ നിന്നുള്ള എം.പി അധിര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍ എന്നിവരിലൊരാള്‍ക്കാണ് സാധ്യത. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് രാഹുല്‍ ഗാന്ധിയോട് കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പി മാര്‍ ആവശ്യപ്പെടും.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി സന്നദ്ധത അറിയിച്ച രാഹുല്‍ ഗാന്ധി ലോക്‌സഭ പാര്‍ട്ടി കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. സഭയില്‍ സര്‍ക്കാരിന് എതിരെ കൂട്ടായ്മ ഉണ്ടാക്കാനും ശക്തമായ നിലപാട് സ്വീകരിക്കാനും ഇത് അനിവാര്യമാണെന്നും വാദിക്കുന്നു.
ഒരുമിച്ച് ലോക്‌സഭാ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ കോണ്‍ഗ്രസും എന്‍.സി.പിയും ആലോചിക്കുന്നുണ്ട്. 52 സീറ്റുകള്‍ ഉള്ള കോണ്‍ഗ്രസ് അഞ്ചു സീറ്റുകള്‍ ഉള്ള എന്‍.സി.പിയും ഒരുമിച്ചാല്‍ പ്രതിപക്ഷ നേതാവ്, കക്ഷി സ്ഥാനങ്ങള്‍ക്ക് വേണ്ട 55 സീറ്റ് ലഭിക്കും.അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയിലും പവാര്‍ രാജ്യസഭയിലും പ്രതിപക്ഷ നേതാവ് ആവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments