കോഴിക്കോട് : കോഴിക്കോട് പെരുമണ്ണയില്‍ വായ്പാ തുക അടച്ചു തീര്‍ന്നിട്ടും സര്‍ഫാസി നിയമപ്രകാരം ബാങ്ക് വീട് ജപ്തി ചെയ്തതായി പരാതി. പുതിയതായി ഉണ്ടാക്കിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനു ദിവസങ്ങള്‍ക്ക് മുമ്പാണ് വീട് ജപ്തി ചെയ്തത്. വീട്ടുടമയായ പാറമ്മല്‍ സുധീര്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കി. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളും ബാങ്ക് കൈക്കലാക്കിയതായും പരാതിയുണ്ട്.എന്നാല്‍ തിരിച്ചടവ് മുടങ്ങിയതാണ് ജപ്തിക്കു കാരണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നിയമപ്രകാരമുളള നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
2011ലാണ് സുധീര്‍ വീട് നിര്‍മിക്കുന്നതിനായി അലഹബാദ് ബാങ്കില്‍ നിന്നും പതിനാലര ലക്ഷം രൂപ ലോണെടുത്തത്. പ്രതിമാസം പതിനയ്യായിരം രൂപയായിരുന്നു തിരിച്ചടക്കേണ്ട തുക. ലോണ്‍ കാലാവധി പതിനഞ്ച് വര്‍ഷമാണെന്നിരിക്കെ ഇടക്ക് തിരിച്ചടവ് മുടങ്ങിയിരുന്നു. കാര്‍ അപകടത്തില്‍ പരിക്ക് പറ്റി സുധീര്‍ കിടപ്പിലായതാണ് കാരണം. തുടര്‍ന്ന് കോടതിയെ സമീപിച്ച് ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ തിരിച്ചടച്ചു. എന്നാല്‍ ഈ പണം ലോണ്‍ അക്കൌണ്ടില്‍ വരവ് വെച്ചില്ലെന്നാണ് ആരോപണം. ഇതിനു പിന്നാലെയാണ് പതിനൊന്നര സെന്റ് സ്ഥലവും വീടും ബാങ്ക് ജപ്തി ചെയ്തത്. ഇതിനകം 15,6100 രൂപ അടച്ചു കഴിഞ്ഞതായാണ് സൂധീര്‍ പറയുന്നത്.
Post Your Comments