Latest NewsIndia

കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തണമെങ്കില്‍ മാറേണ്ടത് രാഹുല്‍ അല്ല: സോണിയയുടെ വിശ്വസ്തര്‍ക്ക് പകരം നേതൃസ്ഥാനത്ത് യുവാക്കളെത്തണം

രതി നാരായണന്‍

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയ നാള്‍ മുതല്‍ രാഹുല്‍ ഗാന്ധി ആ സ്ഥാനത്തിന് യോജിച്ചവിധം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നന്നായി പരിശ്രമിക്കുന്നുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലെല്ലാം കുറിക്കുകൊള്ളുന്ന പരാമര്‍ശങ്ങളുമായി പ്രതിപക്ഷത്തെ ആക്രമിക്കാന്‍ രാഹുലിന് കഴിയുകയും ചെയ്തിരുന്നു. മുമ്പെങ്ങുമില്ലാത്തൊരു രാഷ്ട്രീയ പക്വത രാഹുലിന് വന്നു തുടങ്ങിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നിട്ടും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടെങ്കില്‍ അതിന്റെ കാരണം എന്തായിരിക്കുമെന്ന് വിശദമായി അന്വേഷിക്കേണ്ടിയിരിക്കുന്നു.

ബിജെപിയ്ക്കുള്ള സംഘടനാശക്തിയും കെട്ടുറപ്പും കോണ്‍ഗ്രസിന് എന്നേ നഷ്ടപ്പെട്ടതാണ്. ബിജെപിയെ അധികാരത്തിലെത്തിച്ച വാജ്‌പേയിയും അദ്വാനിയും മോദിയുമെല്ലാം സംഘടനാതലത്തില്‍ പുതിയ നേതാക്കള്‍ക്ക് സ്ഥാനം നല്‍കി പാര്‍ട്ടിയ ശക്തിപ്പെടുത്തുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്നു. എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയ മോദി-ഷാ കൂട്ടുകെട്ട് വിമര്‍ശിക്കപ്പെട്ടെങ്കിലും അതൊന്നും പാര്‍ട്ടി പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കാതെ കാത്തുസൂക്ഷിക്കാന്‍ മോദിക്ക് കഴിഞ്ഞു. മുതിര്‍ന്ന നേതാക്കളെ ഒട്ടും അവഗണിക്കാതെ അവര്‍ക്ക് ഗുരുസ്ഥാനം നല്‍കുന്ന മാര്‍ഗദര്‍ശക് മണ്ഡല്‍ രൂപീകരിച്ചാണ് മോദി പാര്‍ട്ടിയില്‍ ഭിന്നിപ്പ് വരാതെ കാത്തത്.

അതേസമയം കോണ്‍ഗ്രസിന്റെ കാര്യമെടുത്താല്‍ സോണിയ ഗാന്ധി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറി രാഹുല്‍ ഗാന്ധി എത്തിയെങ്കിലും നേതൃസ്ഥാനത്തിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. എഴുന്നേറ്റ് സ്വന്തമായി നടക്കാന്‍ പോലുമാകാത്തവര്‍ വരെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലുണ്ട് എന്നതാണ് രസകരം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാനാകുന്നില്ലെങ്കില്‍ രാഹുലിന് മാത്രമല്ല അതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടേതുകൂടിയാണ് ആ പരാജയം. മാഡം സോണിയയ്ക്ക അഭിമതരായ നേതാക്കളാണ് ഗുലാം നബി ആസാദ്, മന്‍മോഹന്‍ സിംഗ്, എ.കെ. ആന്റണി, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗെലോട്ട്, ഉമ്മന്‍ചാണ്ടി, ആനന്ദ് ശര്‍മ്മ, തരുണ്‍ ഗോഗോയ്, ഹരീഷ് റാവത്ത്, സിദ്ധരാമയ്യ തുടങ്ങിയവര്‍. രാഹുല്‍ അധ്യക്ഷനായപ്പോഴും ഇവരാരും ഒഴിവാക്കപ്പെട്ടിട്ടില്ല. രാഹുലിനൊപ്പം നിന്ന് അതേ ആവേശത്തില്‍ കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പ്രാപ്തിയുള്ള, ജനകീയനായ ഒരാള്‍ കൂടി കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ രാഹുലിന് നിഷ്പ്രയാസം രാജി സമര്‍പ്പിക്കാം. പക്ഷേ നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസില്‍ അങ്ങനെയൊരാള്‍ ഇല്ല എന്നതാണ് ആ പാര്‍ട്ടിയുടെ പരാജയം.

വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനേക്കാള്‍ വലുത് മക്കള്‍ രാഷ്ട്രീയമാണ്. അത് രാഹുല്‍ ഗാന്ധി നന്നായി മനസിലാക്കുന്നുമുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പരാജയമാണ് രാഹുലിനെ ഏറ്റവും അസ്വസ്ഥമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെങ്കില്‍ എന്തുകൊണ്ട് ലോക്‌സഭാതെരഞ്ഞെടുപ്പില്‍ അതിന് കഴിയുന്നില്ല എന്നാണ് രാഹുലിന്റെ ചോദ്യം.
മോദിയുടെ സ്വീകാര്യതയേക്കാള്‍ അധികം മോദിക്ക് അനുയോജ്യമായ വിധത്തില്‍ കാര്യങ്ങള്‍ അനുകൂലമാക്കാന്‍ അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യന്‍ അഹോരാത്രം പ്രവര്‍ത്തിച്ചു എന്നതുകൂടിയാണ് മോദിയുടെ വിജയത്തിന് പിന്നില്‍. പക്ഷേ രാഹുല്‍ ഗാന്ധി കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോഴും പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോഴും അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കാന്‍ ഉതകുന്ന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും അത് നടപ്പിലാക്കാനും കഴിയുന്ന സംഘടനാശക്തിയുള്ള ഒരാളും കോണ്‍ഗ്രസിന് ഇല്ലാതെ പോയി. അതുകൊണ്ട്ാണ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മോദിക്ക് ആശംസകള്‍ അര്‍പ്പിച്ച കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി കോണ്‍ഗ്രസിന് ഒരു അമിത് ഷാ ഉണ്ടാകേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞത്.

നേതൃത്വം മാറുമ്പോള്‍ അന്തിമതീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള ഉന്നതതലസമിതിയും അതിനൊപ്പം മാറണം. സോണിയ മാറി രാഹുല്‍ വന്നപ്പോഴും പക്ഷേ കോണ്‍ഗ്രസിലെ തീരുമാനമെടുക്കാന്‍ അധികാരമുള്ള കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല. ഗാന്്ധി കുടുംബത്തില്‍ നിന്നൊരാള്‍ മുന്നിലില്ലെങ്കില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെ ഇല്ലാതായ്‌പോകുന്ന സ്ഥിതിയാണ് നിലവില്‍. അത്ര ദുര്‍ബലമാണ് അതിന്റെ നേതൃത്വം. സ്വന്തം ദൗര്‍ബല്യം തിരിച്ചറിഞ്ഞ് മാറി നില്‍ക്കാന്‍ തയ്യാറാകാത്ത മുതിര്‍ന്ന നേതാക്കള്‍ യുവാക്കളെ അടുപ്പിക്കുന്നില്ല എന്ന പരാതി കൂടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി ആദ്യം ചെയ്യേണ്ടത് പതിറ്റാണ്ടുകളായി ഒരേ കസേരയിലിരിക്കുന്നവരെ അവിടെ നിന്ന് ഇളക്കി പ്രതിഷ്ഠിക്കുക എന്നതാണ്. പക്ഷേ മുത്തശിയുടെയും അച്ഛന്റെയും അമ്മയുടെയും വിശ്വസ്തരാണ് അവരില്‍ ഭൂരിപക്ഷവുമെന്നതിനാല്‍ രാഹുലിന് അതെത്രമാത്രം പ്രായോഗികമാക്കാന്‍ കഴിയുമെന്നത് കണ്ടറിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button