ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്മാറി. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് മമത അറിയിച്ചു. ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിച്ചതിലുള്ള പ്രതിഷേധമാണ് മമത പിന്മാറാനുള്ള കാരണം. നേരത്തേ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് മമത അറിയിച്ചിരുന്നത്.
ചടങ്ങില്‍ നിന്നും പിന്മാറുന്ന വിവരം ഒരു കത്തിലൂടെയാണ് മമത മോദിയെ അറിയിച്ചത്. കത്തിന്റെ ഉള്ളടക്കം ഇങ്ങനെ
”അഭിനന്ദനങ്ങള്‍, നിയുക്ത പ്രധാനമന്ത്രീ. ഭരണഘടനയെ മാനിച്ച് താങ്കളുടെ ക്ഷണം സ്വീകരിക്കാനായിരുന്നു എന്റെ തീരുമാനം. എന്നാല്‍ പശ്ചിമബംഗാളില്‍ 54 ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടെന്ന് ബിജെപി അവകാശപ്പെടുന്നതായി മാധ്യമറിപ്പോര്‍ട്ടുകള്‍ കാണുന്നു. ഇത് പൂര്‍ണമായും തെറ്റാണ്. പശ്ചിമബംഗാളില്‍ രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഉണ്ടായിട്ടില്ല. വ്യക്തി വിരോധമോ, കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കോ, മറ്റ് സംഘര്‍ഷങ്ങളോ രാഷ്ട്രീയമായി ബന്ധമുള്ളതല്ല. അത്തരം ഒരു രേഖകളും ഞങ്ങളുടെ പക്കലില്ല.
അതുകൊണ്ടു തന്നെ ക്ഷമിക്കണം മോദിജി, എനിക്ക് സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്ന് പിന്മാറാതെ മറ്റൊരു വഴിയില്ല.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ജനാധിപത്യത്തിന്റെ പരിപാവനമായ ആഘോഷമാകേണ്ടതാണ്. അല്ലാതെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സത്യപ്രതിജ്ഞയെ, രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന അവസരമാക്കി മാറ്റരുത്. എന്നോട് ക്ഷമിക്കുക.
മമതാ ബാനര്‍ജി.
അതേസമയം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭായുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എത്തുമെന്ന് അറിയിച്ചു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു എന്നും അദ്ദേഹം അറിയിച്ചു വ്യാഴാഴ്ച്ച വൈകിട്ട് ഏഴു മണിക്കാണ് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
Post Your Comments