പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നൂറ്റി അന്‍പതിലേറെ ഓഫീസുകള്‍ ‘തിരിച്ചു പിടിച്ചു’ സി.പി.എം. 2011 ല്‍ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കി തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയപ്പോള്‍ കയ്യേറിയ ഓഫീസുകളാണ് ഇപ്പോള്‍ തിരിച്ചു പിടിച്ചത് .
കഴിഞ്ഞ തവണ പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 35 സീറ്റും തൃണമൂല്‍ നേടിയിരുന്നുവെങ്കില്‍ ഇക്കുറി കേവലം 22 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. അതെ സമയം കഴിഞ്ഞ തവണ രണ്ടു സീറ്റുകളില്‍ ഒതുങ്ങിയിരുന്ന ബി.ജെ.പി ഇക്കുറി 18 സീറ്റുകള്‍ നേടി കരുത്തറിയിച്ചു . സി.പി.എമ്മിനെ ഓഫീസുകള്‍ തിരിച്ചു പിടിക്കാന്‍ സഹായിക്കുന്നത് ബി.ജെ.പിയാണെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും സി.പി.എം നേതാക്കള്‍ ആരോപണം നിഷേധിച്ചു .
ബങ്കുറ, പുരുലിയ ,കൂച്ച്ബീഹാര്‍, ബര്‍ധാമന്‍, ഹൂഗ്ലി, നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൗറ തുടങ്ങി പല സ്ഥലങ്ങളിലെയും ഓഫീസുകള്‍ തിരികെ പിടിച്ചെന്ന് മാത്രമല്ല പാര്‍ട്ടി ചിഹ്നങ്ങളും മറ്റും പെയിന്റ് ചെയ്യുകയും പാര്‍ട്ടി പതാക കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 2011 ന് ശേഷം ആദ്യമായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതെന്നും അതാണ് തങ്ങള്‍ ഓഫീസ് തിരിച്ചു പിടിക്കാന്‍ കാരണമെന്നും സീനിയറായ ഒരു പോളിറ്റ് ബ്യുറോ അംഗം ന്യൂസ് ഏജന്‍സിയായ പി.ടി.ഐ യോട് പ്രതികരിച്ചു .
‘തെരെഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ബി.ജെ.പി വ്യാപകമായി തൃണമൂല്‍ ഓഫീസുകള്‍ കയ്യേറുന്നുണ്ടെന്നും തൃണമൂല്‍ നേരത്തെ കയ്യേറിയ തങ്ങളുടെ ഓഫീസുകള്‍ തിരിച്ചു പിടിക്കുന്നതില്‍ എന്താണ് തെറ്റെന്നുമാണ്’ മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം പി.ടി .ഐയോട് പ്രതികരിച്ചത് . ബി.ജെ.പിക്ക് എന്തിനാണ് തങ്ങളെ സഹായിക്കേണ്ട ആവശ്യമെന്നും സ്വന്തം ശക്തിയിലാണ് തങ്ങളുടെ ഓഫീസുകള്‍ തിരിച്ചു പിടിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Post Your Comments