ദുബായ് : മലയാളി യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബാംഗങ്ങള്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി നെഹാല്‍ ഷഹീന്‍ ഷംഷുദ്ദീന്‍ ( 19) ആണ് ദുബായില്‍ കൊല്ലപ്പെട്ടത്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന നെഹാല്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. അല്‍ നഹ്ദ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ചാണ് നെഹാല്‍ കൊല്ലപ്പെട്ടതെന്ന് ദുബായ് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചെങ്കിലും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കുടുംബാംഗങ്ങള്‍ വിവരം അറിഞ്ഞത്.
റമദാന്‍ കാലത്ത് എല്ലാ വര്‍ഷവും ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ നെഹാല്‍ പങ്കാളിയാകാറുണ്ടെന്ന് ദുബായിയിലെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലായ നെഹലിന്റെ അമ്മാവന്‍ റാംഷീഡ് അരുതുണ്ടിയില്‍ പറഞ്ഞു. സഹായം എവിടെ അവശ്യമായി വന്നാലും നെഹാല്‍ അവിടെയെത്തിയിരിക്കുമെന്നും ക്രോസ്-സിറ്റി സൈക്ലിങ് ചാമ്പ്യന്‍ഷിലോ മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലോ അവര്‍ പങ്കാളിയാകാറുണ്ടെന്നും എല്ലാത്തിനുമുപരി, സാമൂഹ്യപ്രവര്‍ത്തനത്തില്‍ നെഹാല്‍ വളരെ തല്‍പരനായിരുന്നുവെന്നും കുടുംബം പറയുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30ന് നെഹാല്‍ വീട്ടില്‍ നിന്നിറങ്ങിയപ്പോഴും എവിടെയെങ്കിലും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പോവുകയാണെന്നാണ് മാതാപിതാക്കള്‍ കരുതിയത്. ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത ശേഷം അല്‍ ഖായിസിലുള്ള തന്റെ സുഹൃത്തുക്കളെ കാണാനും നെഹാല്‍ പോയിരുന്നു.
ബുധനാഴ്ച രാത്രി 11.30 ഓടെ നെഹാലിനെ അമ്മ സെലീനാ ഷാഹിന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഫോണില്‍ ചാര്‍ജ്ജ് കുറവാണെന്നും വീട്ടിലെത്താന്‍ വൈകുമെന്നും മാത്രമാണ് നെഹാല്‍ പറഞ്ഞത്. മണിക്കൂറുകളോളം കുടുംബം നെഹാലിനായി കാത്തിരുന്നു. പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചു. അപ്പോഴേയ്ക്കും നെഹാലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നെഹാലിന്റെ പിതാവ് ഷഹീന്‍ തകദിയില്‍ ഷംസുദ്ദീന്‍ ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലിസ് സ്റ്റേഷനില്‍ മകനെ കാണാതായതായി പരാതി നല്‍കി. പിന്നീട് നെഹാലിനെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സാമൂഹ്യപ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിയുടെ സാഹായവും കുടുംബത്തിന് ലഭിച്ചു. വിവിധയിടങ്ങളില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ദുബായ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം നെഹാലിന്റേതാണെന്ന് വീട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. മെയ് 22 നെഹാല്‍ മരിച്ചതെങ്കിലും മെയ് 25 നാണ് വീട്ടുകാര്‍ മൃതദേഹം തിരിച്ചറിഞ്ഞത്.
85 ശതമാനം മാര്‍ക്കോടെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷ പാസായ നെഹാല്‍ തുടര്‍ പഠനം ഇന്ത്യയില്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കെയാണ് മരണം സംഭവിച്ചത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശിയായ നെഹാല്‍ നാലു വര്‍ഷം മുമ്പാണ് ദുബായിലേക്ക് പോയത്. മൃതദേഹത്തില്‍ നിന്നും തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ലഭിക്കാതിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും അതിനാല്‍ മൃതദേഹം ആശുപത്രിയില്‍ നിന്നും ഫോറന്‍സിക് മെഡിസിന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റുകയായിരുന്നെന്നും ദുബായ് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയായിരുന്നു നേഹലിന്റെ മൃതദേഹം കേരളത്തില്‍ എത്തിച്ചത്. എപ്പോഴും പോക്കറ്റില്‍ എമിറേറ്റ്‌സിന്റെ ഐഡി കാര്‍ഡ് നെഹാല്‍ സൂക്ഷിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതും സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
Post Your Comments