![](/wp-content/uploads/2019/05/indian-pace-bowlers.jpg)
കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്ത്യയുടെ ന്യൂബോള്‍ എറിയാൻ ഭുവനേശ്വർ കുമാറിനെ ഏൽപ്പിക്കരുതെന്നും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമാണ് ഇതിനു യോജിച്ചതെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ന്യൂസിലന്റിനെതിരായ ലോകകപ്പ് സന്നാഹമത്സരത്തില്‍ ഭുവനേശ്വര്‍ കുമാറും ബൂമ്രയുമാണ് ഇന്ത്യയുടെ ന്യൂബോള്‍ പങ്കിട്ടത്. ബൂമ്ര മികച്ച രീതിയില്‍ എറിഞ്ഞപ്പോള്‍ ഭുവി ഏറെ റൺസ് വഴങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.
ഷമിയിപ്പോൾ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്നും ടീം അത് പരമാവധി ഉപയോഗിക്കണമെന്നും ഗാംഗുലി പറഞ്ഞു. ഭുവനേശ്വര്‍ നിലവിൽ മികച്ച ഫോമിലല്ല പന്തെറിയുന്നത്. എന്നാൽ പന്ത് സ്വിംഗ് ചെയ്യുന്ന സാഹചര്യങ്ങളില്‍ ഭുവി ഫോമിലാവുമെന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി വ്യക്തമാക്കി. ഐപിഎല്ലിലും കഴിഞ്ഞ സീസണ്‍ മുഴുവനും മികച്ച രീതിയില്‍ പന്തെറിഞ്ഞ ബൗളറാണ് ഷമി.
എന്നാല്‍ കഴിഞ്ഞ നാലഞ്ചു മാസമായി ഭുവി ഫോമിലല്ല. ഭുവിയുടെ ഒരു ആരാധകനായ താൻ അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. എന്നാല്‍ ലോകകപ്പിന്റെ തുടക്കത്തിൽ ഇന്ത്യ ബൂമ്ര, ഷമി, പാണ്ഡ്യ പേസ് ത്രയത്തെ പരീക്ഷിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം.
ലോകകപ്പില്‍ അവസാന ഓവറുകളില്‍ ബുമ്രയുടെയും ഷമിയുടെയും ബൗളിംഗ് നിര്‍ണായകമാവുകയെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
Post Your Comments