കണ്ണൂര്‍ : സാമൂഹ്യജീവിതത്തിലെ അനിവാര്യമായ ഇടപെടലായി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ കാണണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി . വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കാന്‍ നിയമ നടപടികള്‍ കൊണ്ട് മാത്രം സാധ്യമല്ലെന്നും ഇതിനെതിരെ ജനകീയ സഹകരണത്തോടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിമുക്തി ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന് ശൃംഖലകള്‍ ശക്തമാണ്. നിരോധിക്കപ്പെട്ട നിരവധി ലഹരിവസ്തുക്കളാണ് ദിനംപ്രതി വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടുന്നത്. സാമ്രാജ്യത്വ ശക്തികള്‍ ജനങ്ങളുടെ ആത്മവീര്യത്തെയും ദേശീയ ബോധത്തെയും നശിപ്പിക്കാന്‍ ഉപയോഗിച്ച ഉപാധിയായിരുന്നു മദ്യം. അതുകൊണ്ടാണ് മഹാത്മാഗാന്ധി മദ്യവര്‍ജ്ജനത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കണ്ടത്. കേരളത്തില്‍ നടക്കുന്ന കുടുംബകലഹങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍ എന്നിവയില്‍ മിക്കതിന്റെയും പിന്നില്‍ മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം കാരണമാകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാലയങ്ങളിലും പരിസരങ്ങളിലും ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ വ്യക്തമായ അവബോധം സൃഷ്ടിക്കും. ഇതിനായി പ്രാദേശിക തലത്തില്‍ ആറ് മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ മൂന്നിന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കാനും, ഏഴിനകം പഞ്ചായത്ത് തലത്തില്‍ വിപുലമായ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമായി. ഇതിന് പുറമെ 10 നകം സ്‌കൂള്‍തല യോഗം ചേരുകയും എക്സൈസ്, പൊലീസ് എന്നിവയുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പ്രധാന അധ്യാപകര്‍, രക്ഷിതാക്കള്‍, വ്യാപാരികള്‍, നാട്ടുകാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശിക സമിതി രൂപീകരിക്കുകയും ചെയ്യും.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. റിട്ട. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ പി ജയരാജന്‍ ക്ലാസെടുത്തു. മേയര്‍ ഇ പി ലത, എഡിഎം ഇ മുഹമ്മദ് യൂസുഫ്, അസിസ്റ്റന്റ് കലക്ടര്‍ ഹാരിസ് റഷീദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി കെ സുരേഷ്, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈലറാം, ഡിഡിഇ ടി പി നിര്‍മ്മലാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പ്രധാന അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments