ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. എന്നാൽ രാഹുലിന്‍റെ തീരുമാനത്തോട് മുതിർന്ന നേതാക്കൾ അംഗീകരിക്കാൻ തയ്യാറായില്ലെന്നാണ് സൂചന. എഐസിസി പ്രവർത്തക സമിതി ചേരും വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് രാഹുലിനോട് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലെ തോൽവി കണക്കിലെടുത്ത് ഇതാദ്യമായാണ് ഗാന്ധി കുടുംബത്തിലെ ഒരംഗം അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുള്ള സന്നദ്ധത അറിയിക്കുന്നത്. ഹിന്ദി ഹൃദയഭൂമിലടക്കം കനത്ത പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്.
രാഹുലിന്‍റെ രാജി തീരുമാനം എഐസിസി പ്രവർത്തക സമിതി പരിശോധിക്കുമെന്ന് കെ സി വേണുഗോപാൽ പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞു. അതേസമയം രാഹുൽ രാജി വയ്ക്കുമെന്ന വാർത്തകൾ നിഷേധിച്ച് കൊണ്ട് പാർട്ടി രംഗത്തെത്തി. അടിസ്ഥാനരഹിതമായ വാർത്തയെന്നും രാജിസന്നദ്ധതയെക്കുറിച്ച് രാഹുൽ പറഞ്ഞ പ്രതികരണത്തിൽ നിന്ന് തന്നെ, വ്യക്തമാണെന്നും എഐസിസി പ്രസ്താവനയിലൂടെ അറിയിച്ചു.
തോൽവിക്ക് ശേഷം നടന്ന ആദ്യ വാർത്താ സമ്മേളനത്തിൽ രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചോ എന്ന ചോദ്യമുയർന്നപ്പോൾ ഇത് താനും പ്രവർത്തക സമിതിയും തമ്മിൽ ചർച്ച ചെയ്യേണ്ടതല്ലേ എന്നാണ് രാഹുൽ തിരികെ ചോദിച്ചത്. എന്നാൽ രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോർട്ടുകൾക്ക് വ്യക്തമായ മറുപടി നൽകാനോ തള്ളാനോ രാഹുൽ തയ്യാറായില്ല എന്നത് ശ്രദ്ധേയം
Post Your Comments