ന്യൂ ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ഇന്ത്യയ്ക്കായി നിലകൊണ്ടു. ജനങ്ങളും ജനാധിപത്യവുമാണ് തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയികള്‍. രണ്ട് ജാതികള്‍ മാത്രമെ മുമ്പോട്ടുള്ള യാത്രയില്‍ ഇന്ത്യയില്‍ ഉണ്ടാവൂ. 2022-ഓടെ ഇന്ത്യ അതിശക്തമായ രാജ്യമായി വളരും. രാജ്യത്തിനു വേണ്ടി ജീവൻ ബലികഴിച്ചവരുടെ കൂടി വിജയമാണ് ഇതെന്നും മോദി പറഞ്ഞു.
തന്റെ ഭിക്ഷ പാത്രം ജനം നിറച്ചു തന്നതിൽ താൻ തൃപ്തനാണ്. പുതിയ ഭാരതത്തിനു വേണ്ടി വോട്ടു ചോദിച്ച തന്നെ ജനം ഇരു കയ്യും നീട്ടി സ്വീകരിച്ചു. അഞ്ചു വർഷത്തെ ഭരണത്തിനിടയിൽ അഴിമതി ആരോപണം ഉണ്ടായില്ല. രാജ്യത്തെ ഏറ്റവും ദരിദ്രനായവനെ സന്തോഷിപ്പിക്കുന്ന നയങ്ങളുമായാണ് ഭരിച്ചതെന്നും വിജയത്തിലേക്ക് നയിച്ച ജനതയ്ക്കു മുൻപിൽ തല കുനിക്കുന്നെന്നും മോദി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ജോലികൾക്കിടയിൽ ജീവൻ നഷ്ടമായവരെയും പരിക്കേറ്റവരേയും മോദി ഈ അവസരത്തിൽ അനുസ്മരിച്ചു. അതോടൊപ്പം തന്നെ ഒഡീഷയില്‍ വിജയിച്ച നവീന്‍ പട്‍നായക്, ആന്ധ്രാപ്രദേശില്‍ ജയിച്ച ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരെയും മോദി അഭിനന്ദിച്ചു.
Post Your Comments