Latest NewsKeralaNattuvartha

ആലപ്പുഴ നഗരസഭയിലെ നിയമന അഴിമതിയെക്കുറിച്ചും നിർമ്മാണ അഴിമതിയെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തണം :ബി.ജെ.പി നേതാവ്

ആലപ്പുഴ : ആലപ്പുഴ നഗരസഭയിൽ നടന്നിട്ടുള്ള നിയമന വിവാദത്തെ കുറിച്ചും പുതിയ ശതാബ്ദി മന്ദിര കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും അതുകൊണ്ടു തന്നെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.

ഇതിനു മുൻപ് ഇടതു-വലതു മുന്നണികൾ ഭരിച്ചപ്പോഴുള്ള നിയമനങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം. കാലാകാലങ്ങളായി ഇരു മുന്നണികളും തങ്ങളുടെ പാർട്ടിക്കാരെയും ഇഷ്ടക്കാരെയും തിരുകികയറ്റാനുള്ള സ്ഥാപനമാക്കി ആലപ്പുഴ നഗരസഭയെ മാറ്റി. നഗരത്തിൽ നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളിലും അഴിമതി വ്യാപകമാണ്. നഗരത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽപ്പെടുത്തിയുള്ളതാണ്. അതിലും അഴിമതി കാട്ടി അട്ടിമറിക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്.

നഗര സഭയിലെ എല്ലാ അഴിമതികളും ഇടതു-വലതു മുന്നണികൾ ഒരുമിച്ചാണ് നടത്തുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം ഇവർ പരസ്പരം ആരോപണം ഉന്നയിക്കുന്നു. നഗര സഭയുടെ കീഴിലുള്ള ടൗൺ ഹാൾ സാധാരണക്കാർക്ക് അനുവദിക്കുന്നതിലും ഗുരുതരമായ ക്രമക്കേടാണ് നടന്നിട്ടുള്ളത്. സാധാരണക്കാർ അന്വേഷിക്കുമ്പോൾ ടൗൺ ഹാൾ ബുക്കിംഗ് ആണെന്ന് പറയുന്ന അധികാരികൾ ചില കൗൺസിലർമാരുടേയും ഇടനിലക്കാരുടെയും സഹായത്തോടെ ടൗൺ ഹാൾ തങ്ങളുടെ ഇഷ്ടക്കാർക്കും മറ്റുള്ളവർക്കും മറിച്ചുനൽകുന്നു എന്ന ആരോപണവും അന്വേഷിക്കണം, അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജി.മോഹനൻ, കെ.പി.സുരേഷ് കുമാർ ട്രഷറർ വാസുദേവക്കുറുപ്പ് എന്നിവരും സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button