മുംബൈ: ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതയാണുള്ളതെന്ന് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യൻ ടീം പ്രതിഭാധനരായ കളിക്കാരാല്‍ സമ്പന്നമാണെന്നും എന്നാല്‍ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ മികച്ച കളി പുറത്തെടുത്താല്‍ മാത്രമെ കിരീടം നേടാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
‘വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ട് ഒരുപക്ഷെ ചില കളികള്‍ ജയിക്കാനായേക്കാം. എന്നാല്‍ അത്തരം ജയങ്ങള്‍ ശാശ്വതമായിരിക്കില്ല. ഒരാള്‍ മാത്രം മികച്ച പ്രകടനം പുറത്തെടുത്താല്‍ ടൂര്‍ണ്ണമെന്റിലുടനീളം ടീമിന് ശോഭിക്കാനാവില്ല. നിര്‍ണായകഘട്ടങ്ങളില്‍ മറ്റു കളിക്കാര്‍ക്കും വലിയ റോള്‍ വഹിക്കാനുണ്ടാകും.’
1996,1999,2003 ലോകകപ്പുകളില്‍ സച്ചിന്‍ ഒറ്റയ്ക്ക് വഹിച്ച അമിത ഉത്തരവാദിത്വം ഇത്തവണ കോഹ്‌ലിയ്ക്കുണ്ടാകുമോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ക്രിക്കറ്റ് ദൈവം.
നാലാം നമ്പർ ബാറ്റ്സ്മാന്റെ കാര്യത്തിൽ അമിത ആശങ്ക വേണ്ടെന്നും നാലാം നമ്പറില്‍ കളിക്കാനാകുന്ന മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ടീമിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറ് ലോകകപ്പുകളില്‍ ഇന്ത്യയ്ക്കായി പാഡണിഞ്ഞ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ് ഏറ്റവും കൂടുതല്‍ ലോകകപ്പ് റണ്‍സ്, സെഞ്ച്വറി, മാൻ ഓഫ് ദി മാച്ച് നേടിയതിന്റെ എല്ലാം റെക്കോഡ്. 2011 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സച്ചിന്‍. 2003ൽ ലോകകപ്പിലെ താരവും സച്ചിനായിരുന്നു.
Post Your Comments