കറുകച്ചാല്‍: ബാങ്ക് സൈ്വപ്പിങ് യന്ത്രം ഉപയോഗിക്കാതിരുന്ന വ്യാപാരിക്ക് ഒടുവില്‍ തിരിച്ചുകിട്ടിയത് 4 പൈസയുടെ ചെക്ക്. ഒരു വര്‍ഷത്തിനുള്ളില്‍ പിഴയിനത്തില്‍ 5000 രൂപയോളം നഷ്ടപ്പെട്ടുവെന്നും വ്യാപാരി പറയുന്നു. കറുകച്ചാല്‍ പ്രസ്റ്റീജ് ഷോപ്പിങ് സെന്റര്‍ ഉടമ പെരുന്ന ഒളശ്ശയില്‍ ഒ.ടി. മാത്യുവിനാണു സൈ്വപ്പിങ്ങ് യന്ത്രം കാരണം പണി കിട്ടിയത്. ഒരു വര്‍ഷം മുന്‍പാണു മാത്യു യന്ത്രം വാങ്ങിയത്. കാര്യമായ ചാര്‍ജുകള്‍ ഇല്ലെന്നു പറഞ്ഞാണു ബാങ്കുകാര്‍ മാത്യുവിനെ ഇതില്‍ അംഗമാക്കിയത്.
എന്നാല്‍ അക്കൗണ്ടില്‍ നിന്നു പണം കുറയാന്‍ തുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണു മാസ വാടകയും സര്‍വീസ് ചാര്‍ജും മെയ്ന്റനന്‍സ് ചാര്‍ജും ഉള്‍പ്പെടെ നല്ലൊരു തുക മാസം അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെടുന്നുണ്ടെന്ന് ഇദ്ദേഹം മനസിലാക്കിയത്. ഒരു മാസം ഉപയോഗിച്ചില്ലെങ്കിലും അക്കൗണ്ടില്‍ 3000 രൂപയില്‍ താഴെയായാലും എത്തിയാലും പിഴ അടയ്ക്കണം. അതിനാല്‍ തന്നെ 5000ത്തിലേറെ രൂപ തന്റെ അക്കൗണ്ടില്‍ നിന്നു പിഴ ഇനത്തില്‍ നഷ്ടപ്പെട്ടതായും ഇദ്ദേഹം പറയുന്നു.
അവസാനം 49 രൂപയാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ബാലന്‍സ് കാണിച്ചിരുന്നത്. മെഷീന്‍ വേണ്ടെന്നു വച്ചതോടെ ബാലന്‍സ് തുകയ്ക്കുള്ളതെന്നു കാണിച്ച് 4 പൈസയുടെ ചെക്ക് റജിസ്റ്റേഡ് തപാലില്‍ എത്തുകയായിരുന്നു. റജിസ്റ്റേഡ് കത്തിന്റെ ചാര്‍ജും ചെക്കിന്റെ ചാര്‍ജും കുറച്ചിട്ടുണ്ട്. എന്നാല്‍ ബാങ്ക് നല്‍കിയ ഈ ചെക്ക് എങ്ങനെ മാറ്റിയെടുക്കും എന്ന ആലോചനയിലാണ് ഇദ്ദേഹം.
Post Your Comments