ന്യൂദല്‍ഹി: ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതല്‍ ജനങ്ങളും ആഗ്രഹിച്ച വ്യക്തി നരേന്ദ്ര മോദിയെന്ന് ഹിന്ദു-ലോക്നീതി സര്‍വ്വേ. വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചത് അദ്ദേഹത്തിന്റെ നേതൃത്വമാണെന്നും സര്‍വ്വേ പറയുന്നു. യുവാക്കള്‍, ബിരുദധാരികള്‍ എന്നിവര്‍ക്കിടയിലാണ് മോദിക്ക് കൂടുതല്‍ പിന്തുണ. പല മണ്ഡലങ്ങളിലും പഴയ ബിജെപി സ്ഥാനാര്‍ഥികളോട് അതൃപ്തിയുണ്ടായിരുന്നെങ്കിലും മോദി തരംഗത്തിലാണ് അവ മറികടന്നതെന്നും സര്‍വെ വ്യക്തമാക്കുന്നു.
അഭിപ്രായം തേടിയവരില്‍ 44 ശതമാനവും മോദിയെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തുണച്ചത്. രാഹുലിന് 24 ശതമാനം പേരുടെ പിന്തുണയേയുള്ളൂ. സര്‍വെയില്‍ മോദിയെ തുണച്ചവരില്‍ പകുതിയും ബിരുദധാരികളാണ്. വിദ്യാഭ്യാസം കുറഞ്ഞവരില്‍ മോദി സ്വാധീനവും കുറവാണ്. പങ്കെടുത്ത ഹിന്ദുക്കളില്‍ പകുതിപ്പേരും മോദിയെ തുണച്ചു. പത്ത് മുസ്ലീങ്ങളില്‍ ഒരാള്‍ വീതവും മോദിയെ തുണച്ചു. സര്‍വെ നടത്തിയ സമയത്ത് പത്തില്‍ നാലു പേരും മോദി പ്രധാനമന്ത്രിയാകണമെന്നാണ് വ്യക്തമാക്കിയത്.
ഹിന്ദി ഹൃദയഭൂമിയില്‍ മോദി വീണ്ടും വരണമെന്ന് ആഗ്രഹിച്ചത് 48 ശതമാനം പേര്, ഇത് ദേശീയ ശരാശരിയേക്കാള്‍ നാലു ശതമാനം കൂടുതല്‍. അതേസമയം, അവിടെ രാഹുലിനുള്ള പിന്തുണ കുറവാണ്. 25 വയസില്‍ താെഴയുള്ളവരാണ് കൂടുതലും മോദിയെ പിന്തുണയ്ക്കുന്നതെന്നതും ശ്രദ്ധേയം.മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലായിരുന്നെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നു പറഞ്ഞവരും ധാരാളം. എന്നാല്‍, ഹിന്ദി ഹൃദയഭൂമിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരുന്നാലും ഞങ്ങള്‍ ബിജെപിക്കേ വോട്ട് ചെയ്യൂവെന്ന് പറഞ്ഞവരാണ് കൂടുതല്‍.
ബിജെപിയുടെ വേരോട്ടമാണ് ഇതു കാണിക്കുന്നതെന്നും സര്‍വെയില്‍ എടുത്തു പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കോണ്‍ഗ്രസിനെ കൈവിട്ട് ബിജെപിയോട് ആഭിമുഖ്യം കാണിക്കുന്ന ഓരോ പത്തു പേരില്‍ എട്ടു പേരും (78 ശതമാനം) മോദിയെയാണ്, രാഹുലിനെയല്ല പിന്തുണയ്ക്കുന്നത്.
Post Your Comments