കുണ്ടന്നൂര്‍ : കെ.എസ്.ആര്‍.ടി.സി ബസ് മതില്‍ തകര്‍ത്തു :,യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടത്തിനിടെ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസാണ് മതിലില്‍ ഇടിച്ചു നിന്നത്. ഡ്രൈവറുടെ മനോബലമാണ് ദുരന്തം ഒഴിവാക്കിയത്. രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. കണ്ണമാലിയില്‍ നിന്നു മൂവാറ്റുപുഴയ്ക്കു പോവുകയായിരുന്നു ബസ്. ബണ്ട് ജംക്ഷനു സമീപം യുടേണ്‍ എടുക്കവേ ബ്രേക്ക് തകരാറില്‍ ആയതു ശ്രദ്ധയില്‍ പെട്ടെങ്കിലും നിര്‍ത്താന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല.
കുണ്ടന്നൂര്‍ ബസ് സ്റ്റോപ്പിനടുത്തേക്ക് ബസ് എത്തിക്കൊണ്ടിരുന്നു. ഈ ഭാഗത്ത് ഗതാഗത കുരുക്ക് സ്ഥിരമാണ്. വാഹനങ്ങളില്‍ ഇടിക്കും എന്ന ഘട്ടമെത്തിയപ്പോള്‍ ഡ്രൈവര്‍ ഉടന്‍ ആളൊഴിഞ്ഞ ഭാഗത്തെ മതിലിലേക്ക് ഇടിപ്പിച്ചു. മതില്‍ തകര്‍ന്നെങ്കിലും ബസ് നിന്നു. യാത്രക്കാരില്‍ പലരും വിവരം അറിയുന്നത് അപ്പോഴാണ്. രാവിലെ ആയതിനാല്‍ ബസിലും ജംക്ഷനിലും തിരക്ക് കുറവായതിനാല്‍ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണു നാട്ടുകാര്‍. യാത്രക്കാരെ മറ്റു ബസില്‍ കയറ്റിവിട്ടു. ഉച്ചയോടെയാണ് ബസ് നീക്കിയത്.
Post Your Comments