തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ആവശ്യത്തിന് ലഭിക്കാതിരുന്നതോടെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വേനൽ സംസ്ഥാനത്തെ ഡാമുകളേയും ബാധിച്ച അവസ്ഥയാണിപ്പോൾ. ചൂടിനെ പ്രതിരോധിക്കാൻ ഇടുക്കി ഡാമിന് രക്ഷാകവചം ഒരുക്കുന്നതടക്കം പരിഗണനയിലുണ്ടെന്നും ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ പറഞ്ഞു.
മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അസാധാരണ വേനൽ ചൂട് ഡാമുകൾക്ക് ബലക്ഷയം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തൽ.കോണ്‍ക്രീറ്റ് പാളികൾ വികസിക്കുകയും നേരിയ വിള്ളലുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പൂർണ്ണമായും കോണ്‍ക്രീറ്റിൽ നിർമ്മിച്ച ഇടുക്കി ഡാമിൽ ചൂടിനെ പ്രതിരോധിക്കാൻ വെളുത്ത പെയിന്‍റ് അടിക്കേണ്ടി വന്നു.
ഇടുക്കി ഡാമിന്‍റെ കരുത്തും മർദ്ദവും നേരിയ വിള്ളലുകളും പരിശോധിക്കാൻ കൂടുതൽ യന്ത്രങ്ങൾ അണക്കെട്ടിനുള്ളിൽ സ്ഥാപിച്ചിക്കൊണ്ടിരിക്കുകയാണ്. അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യേണ്ട ആവശ്യം നിലവിൽ ഇടുക്കി ഡാമിൽ ഇല്ലെങ്കിലും പാലക്കാട് ജില്ലയിലെ വിവിധ ഡാമുകളിൽ ഇത് ആവശ്യമാണെന്ന് ഡാം സേഫ്റ്റി അതോറിറ്റി വ്യക്തമമാക്കി.
Post Your Comments