ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വെള്ളിയാഴ്ച വരെ മാത്രമേ ആ പദവിയിലിരിക്കൂവെന്ന ഭീഷണിയുമായി കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ കര്‍ണാടകയിലെ സര്‍ക്കാര്‍ താഴെ വീഴുമെന്നും അദ്ദേഹം പറഞ്ഞു.
കുറെയേറെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരില്‍ അസംതൃപ്തരാണ്. ഈ അസംതൃതി ശക്തമാക്കുമെന്നും മുഖ്യമന്ത്രി പദവി വിട്ടിറങ്ങാന്‍ കുമാരസ്വാമി നിര്‍ബന്ധിതനാകുമെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമി നാളെ വൈകിട്ടോ വെള്ളിയാഴ്ച രാവിലെ വരെയോ മാത്രമാണു മുഖ്യമന്ത്രി പദവിയില്‍ തുടരുകയെന്നായിരുന്നു ഗൗഡയുടെ പ്രസ്താവന.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയും കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഗുണ്ടു റാവുവിനെതിരെയും രൂക്ഷവിമര്‍ശവുമായി നേരത്തെ കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ റോഷന് ബെയ്ഗ് മാധ്യമങ്ങളെ കണ്ടിരുന്നു.
കെ.സി വേണുഗോപാല്‍ ബഫൂണ്‍ ആണെന്നായിരുന്നു റോഷന് ബെയ്ഗ് വിമർശിച്ചത്. ‘ എന്റെ നേതാവായ രാഹുല്‍ ഗാന്ധി ജിയുടെ കാര്യമോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. കെ.സി. വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്ളോപ്പ് ഷോയും ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും”- എന്നായിരുന്നു റോഷന്ന്റെ പ്രതികരണം.
ഇദ്ദേഹത്തെ പോലെ നിരവധി പേര് ഇനിയും കോൺഗ്രസ്സിലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments