Latest NewsKerala

വാഗ്ദാനം നിറവേറിയില്ല; തീരദേശവാസികളെ ആശങ്കയിലാക്കി ജിയോട്യൂബ് കടല്‍ ഭിത്തികള്‍

ചെല്ലാനം : എറണാകുളം ചെല്ലാനത്തെ ജിയോട്യൂബ് കടല്‍ഭിത്തിയുടെ നിര്‍മാണകരാര്‍ റദ്ദാക്കിയതോടെ തീരദേശവാസികള്‍ ആശങ്കയില്‍. മഴക്കാലമടുക്കുന്നതോടെ ഭീതിയിലായിരിക്കുകയാണ് ചെല്ലാനം നിവാസികള്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ കാരണക്കാരായ കരാറുകാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

കഴിഞ്ഞ ‘ഓഖി’ കാലത്ത് കൂടുതല്‍ ദുരിതങ്ങളുണ്ടായ മേഖലയാണിത്. കടല്‍ഭിത്തി തകര്‍ന്നുകിടക്കുന്ന ഈ മേഖലയില്‍ കുറേക്കാലമായി ഭിത്തിനിര്‍മാണം നടന്നിട്ടില്ല. കരിങ്കല്ലിന് പകരം ജിയോട്യൂബ് ഉപയോഗിച്ച് ഭിത്തി നിര്‍മിക്കാനുള്ള ചെല്ലാനത്തെ ആദ്യ പരീക്ഷണമാണ് എങ്ങുെമെത്താതെ പോകുന്നത്. കരാറുകാരന്റെ അനാവസ്ഥ മൂലമാണ് നിര്‍മാണ പ്രവൃത്തി പാതിവഴിയില്‍ നിലച്ചു പോയത്.

തീരദേശവാസികളുടെ നിരന്തര സമരത്തെ തുടര്‍ന്ന് അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കരാര്‍ റദ്ദാക്കിയത്. അതേസമയം കരാര്‍ റദ്ദായതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. മഴക്കാലത്തിന് മുന്‍പ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് തീരദേശവാസികള്‍ പറയുന്നു.

വര്‍ഷകാലത്ത് കടല്‍കയറിയെത്തുന്ന ദുരിതം ചെല്ലാനം വാസികള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഓഖിക്ക് ശേഷം ദുരിതം പതിന്‍മടങ്ങായി. തീരത്തെ ബാക്കിയുള്ള കടല്‍ഭിത്തിയും തകര്‍ത്താണ് ഓഖിക്കൊപ്പമെത്തിയ തിരമാലകള്‍ ഇവരുടെ കിടപ്പാടമടക്കം തകര്‍ത്തെറിഞ്ഞത്. അന്ന് തുടങ്ങിയതാണ് ശാശ്വതമായ കടല്‍ഭിത്തിക്കായുള്ള മുറവിളി.

ഏറെ മുറവിളികള്‍ക്കൊടുവിലാണ് ഒരു വര്‍ഷം മുന്‍പ് ജിയോ ട്യൂബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കടല്‍ക്ഷോഭം തടയാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. നിലവില്‍ യാതൊരു സുരക്ഷാ സംവിധാനവുമില്ലാത്തതിനാല്‍ ഭീതിയോടെയാണ് തീരദേശവാസികള്‍ അന്തിയുറങ്ങുന്നത്. അടിയന്തിര നടപടികളുണ്ടായിലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോവുമെന്നും തീരവാസികള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button