ന്യൂഡൽഹി : അടുത്ത 24 മണിക്കൂർ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എക്സിറ്റ് പോൾ കണ്ട് ആരും ഭയപ്പെടേണ്ടതില്ലെന്നും നിരാശ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വോട്ടെണ്ണുമ്പോൾ ആദ്യം വിവിപാറ്റുകൾ എണ്ണണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയുണ്ടായി.
ആദ്യം വിവിപാറ്റ് രസീതുകൾ എണ്ണണമെന്നും അതും വോട്ടുകളുമായി ഒത്തുപോയില്ലെങ്കിൽ ആ മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണി വോട്ടുകളുമായി ഒത്തുനോക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഇത് പ്രായോഗികമല്ലെന്നും, ആദ്യം വിവിപാറ്റുകൾ എണ്ണിയാൽ ഫലപ്രഖ്യാപനം വൈകുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും ഇവിഎമ്മുകൾ സുരക്ഷയില്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. യുപിയിലെ ചന്ദൗലിയിൽ സമാജ്‍വാദി പ്രവർത്തകർ നേരിട്ട് പകർത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം.
Post Your Comments