ബോവിക്കാനം : മീൻപിടിക്കാൻ ആളുകളുടെ പ്രവാഹം കണ്ടതോടെ പോലീസെത്തി മീൻപിടുത്തം തടഞ്ഞു. ഉൾനാടൻ മത്സ്യസമ്പത്തിന്റെ കലവറയായ പയസ്വിനിപ്പുഴയിലെ നെയ്യങ്കയത്തിൽ വെള്ളം കുറഞ്ഞതോടെയാണ് ആളുകൾ കൂട്ടത്തോടെ മീൻപിടിക്കാൻ ഇറങ്ങിയത്. ആളുകൾ മീൻ പിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ സംസ്ഥാന ജൈവ വൈവിധ്യബോർഡിന്റെ നിർദേശപ്രകാരം പോലീസ് ഇടപെട്ട് മീൻപിടിത്തം തടയുകയായിരുന്നു.
ക്വിന്റൽ കണക്കിനു മീനാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ കൊണ്ടുപോയത്. മീനുകളുടെ കൂട്ടക്കുരുതിക്ക് ഇത് കാരണമാകുമെന്ന് ജൈവ വൈവിധ്യബോർഡ് വ്യക്തമാക്കി.കഴിഞ്ഞ രാത്രി മീൻപിടിക്കാനെത്തിയവർ വെള്ളം കലക്കിയതാണ് അടിത്തട്ടിലെ മീനുകൾ മുകളിലെത്താൻ കാരണം. ശ്വാസം കിട്ടാതെ പൊങ്ങിയ മീനുകളെ നാട്ടുകാർ പിടിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതു പ്രചരിച്ചതോടെ വിവിധ ഭാഗങ്ങളിൽ നിന്നു ഒട്ടേറെ പേർ നെയ്യങ്കയത്ത് എത്താൻ തുടങ്ങി.
50 അടിയിലേറെ ആഴമുള്ള നെയ്യങ്കയത്തിൽ ഒരാൾ പൊക്കത്തിൽ മാത്രമേ ഇപ്പോൾ വെള്ളമുള്ളൂ. വെള്ളത്തിൽ ഇറങ്ങി ആളുകൾ അപൂർവയിനം മീനുകളെയടക്കം പിടിച്ചുക്കൊണ്ടുപോകുന്നുവെന്ന വിവരം ലഭിച്ച സംസ്ഥാന ജൈവ വൈവിധ്യബോർഡ് അടിയന്തിര നടപടിക്ക് പോലീസിനു നിർദേശം നൽകി. തുടർന്നാണ് പോലീസെത്തി മീൻപിടുത്തം തടഞ്ഞത്.
Post Your Comments