ദുബായ്: ഇന്ന് വിവാഹക്ഷണക്കത്തിന്റെ രൂപവും ഭാവവുമൊക്കെ മാറിയിരിക്കുകയാണ്. വിവാഹത്തിന്റെ ആഢംബരം ക്ഷണക്കത്തുകളിലേക്കും ഇപ്പോള്‍ പകര്‍ന്നിട്ടുണ്ട്. എന്നാല്‍ വിവാഹം ക്ഷണിക്കുമ്പോള്‍ അവര്‍ക്കിത്തിരി മധുരം കൂടി നല്‍കി വിളിച്ചാലോ. ആ സന്തോഷത്തിന് ഇരട്ടി മധുരമുണ്ടാകും എന്ന കാര്യം തീര്‍ച്ച. എന്നാല്‍ അത്തരത്തിലൊരു വിവാഹക്ഷണക്കത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (36) ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ജീവിത സഖിയാക്കിയത്. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദും (35), ശൈഖ മറിയം ബിന്‍ത് ബുട്ടി അല്‍ മക്തൂമും വിവാഹിതരായി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദും (32), ശൈഖ മിദ്‌യ ബിന്‍ത് ദല്‍മൂജ് അല്‍ മക്തൂമുമാണ് വിവാഹിതരായത്.
വിവാഹ ചടങ്ങിലേക്കുള്ള, മധുരം നിറച്ച ക്ഷണക്കത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സ്വര്‍ണ നിറത്തിലുള്ള വലിയൊരു പാത്രം നിറയെയുള്ള പ്രാദേശിക വിഭവം ‘ഒമാനി ഹല്‍വയാണ്’ ക്ഷണക്കത്തിലെ പ്രധാന ആകര്‍ഷണം. അലങ്കരിച്ച പ്രത്യേക പെട്ടിയിലാണ് ഈ ഹല്‍വപ്പാത്രം. പെട്ടിയുടെ അകത്ത് സ്വര്‍ണനിറത്തില്‍ അറബിയില്‍ ചടങ്ങിന്റെ വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. മൂന്ന് സഹോദരന്മാരും വിവാഹ ഉടമ്പടിയിലേര്‍പ്പെടുന്ന ‘അഖദ്’എന്ന ചടങ്ങിലേക്കാണ് ക്ഷണം.
Post Your Comments