KeralaLatest News

കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ; പ്രതിപ്പട്ടികയിലുള്ളവരുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഫാദര്‍ പോള്‍ തേലക്കാട് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി പ്രതിപട്ടികയില്‍ നിന്നും ഇരുവരെയും ഒഴിവാക്കാന്‍ വിസമ്മതിക്കുകയും അന്വേഷണം തുടരാമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ കേസില്‍ പോലീസ് അന്വേഷിക്കുന്ന ഫാ.ടോണി കല്ലൂക്കാരന്‍ ഹൈക്കോടതിയില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.

എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ ഇരുവരെയും പീഡിപ്പിക്കരുതെന്ന നിര്‍ദ്ദേശം പൊലീസിന് നല്‍കിയിരുന്നു. കേസില്‍ ഒരു പ്രതി കഴിഞ്ഞ ദിവസം അറസ്റ്റിലാവകുകയും വൈദികരടക്കമുള്ളവരിലേക്ക് അന്വേഷണം വ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കുന്നത്. കര്‍ദിനാളിനെതിരായ വ്യാജരേഖാവിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് പുറത്തുവന്നത്. കര്‍ദിനാളിനെതിരെ ആഭ്യന്തര അന്വേഷണം കൊണ്ടുവരാനാണ് രേഖ ഉണ്ടാക്കിയതെന്ന് അറസ്റ്റിലായ പ്രതി ആദിത്യന്‍ മൊഴി നല്‍കിയിരുന്നു.

പൊലീസ് അന്വേഷണം വരില്ലെന്ന് ഉറപ്പ് കിട്ടിയെന്ന് അറസ്റ്റിലായ പ്രതി ആദിത്യന്‍ പറയുന്നു. ഉറപ്പ് നല്‍കിയതും രേഖ ഉണ്ടാക്കാന്‍ പറഞ്ഞതും കര്‍ദിനാളിന്റെ മുന്‍ ഓഫീസ് സെക്രട്ടറിയായ വൈദികനാണ്. വിഷയം സഭയ്ക്കുള്ളില്‍ ഒതുക്കുമെന്ന് ഉറപ്പ് നല്‍കിയതും ഫാ. ടോണി കല്ലൂക്കാരന്‍ തന്നെ. രേഖകള്‍ കമ്പനിയില്‍ നിന്ന് കിട്ടിയെന്ന മൊഴിയും വ്യാജം. പേര് പറഞ്ഞ കമ്പനികളില്‍ ജോലി ചെയ്തിട്ടില്ലെന്നും ആദിത്യന്‍ പോലീസിനോട് വെളിപ്പെടുത്തി. ആദിത്യനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. വ്യാജരേഖ ആദ്യം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത് ആദിത്യനാണ്. വ്യാജരേഖ നിര്‍മ്മിച്ചത് ആദിത്യനാണെന്നും, തേവരയിലെ കടയില്‍ വച്ചാണ് രേഖകള്‍ തയാറാക്കിയതെന്നും പൊലീസ് പറഞ്ഞു. ഇതിന് ഉപയോഗിച്ച കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button