KeralaLatest News

പിരിച്ചുവിടൽ വിവാദം: വാദി പ്രതിയായി, സതിയമ്മ വ്യാജരേഖ ചമച്ചെന്ന് പൊലീസിൽ പരാതി നൽകി ലിജിമോൾ

കോട്ടയം: പുതുപ്പള്ളിയിലെ ജീവനക്കാരിയെ പിരിച്ചുവിടൽ വിവാദത്തിൽ പൊലീസിൽ പരാതി. സതീദേവിക്കെതിരെയാണ് വ്യാജരേഖ ചമച്ച് ജോലി നേടിയതിൽ അയൽവാസിയായ ലിജിമോൾ പരാതി നൽകിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അനിൽകുമാറിനൊപ്പം വാർത്താ സമ്മേളനം നടത്തിയ ലിജിമോൾ തനിക്ക് ആരോഗ്യ പ്രശ്നമില്ലെന്നും, രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും പറഞ്ഞു. താനിപ്പോൾ ഐശ്വര്യ കുടുംബശ്രീ അംഗമല്ല. ഇന്നലെ സോഷ്യൽ മീഡിയയിൽ കണ്ടാണ് തന്റെ പേരിൽ സതീദേവി ജോലി ചെയ്യുന്നതും ശമ്പളം വാങ്ങിയതുമൊക്കെ അറിയുന്നത്. ലിജിമോളുടെ ജോലി സതീദേവി ചെയ്ത് വരികയായിരുന്നുവെന്നും അതിനാലാണ് പിരിച്ചുവിട്ടതെന്നുമായിരുന്നു ഇന്നലെ സർക്കാർ പുറത്തുവിട്ട രേഖ.

കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു 52 കാരിയായ പിഒ സതിയമ്മ. ഉമ്മൻചാണ്ടിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയാണ് ഇവരെ പിരിച്ചുവിട്ടതെന്നായിരുന്നു യുഡിഎഫ് ആരോപണം. ഉമ്മൻചാണ്ടിയെപ്പറ്റി ചാനലിൽ നല്ലതു പറഞ്ഞതിന് പിന്നാലെ മൃഗ സംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടർ തന്നെ പിരിച്ചുവിട്ടതായി സതിയമ്മ തന്നെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. യുഡിഎഫ് നേതാക്കൾ ഇത് ഏറ്റെടുക്കുകയും പരസ്യ പ്രതിഷേധങ്ങളുമായി രംഗത്ത് വരികയും ചെയ്തു.

എന്നാൽ സതിയമ്മയല്ല, മറിച്ച് ലിജിമോൾ ആണ് മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്തെന്ന് കണ്ടെത്തിയതിനാൽ ലിജിമോളോട് ജോലിക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രി ചിഞ്ചുറാണി തന്നെ രംഗത്ത് വന്നു വിശദീകരിച്ചു. എന്നാൽ താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും ആറു മാസം വീതം ഊഴംവെച്ചാണ് സ്വീപ്പർ ജോലി ചെയ്തിരുന്നതെന്നും സതിയമ്മ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഉള്ള ലിജിമോൾ തന്റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.

ഈ വാദം തള്ളിയാണ് ലിജിമോൾ രംഗത്ത് വന്നത്. തന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി സതിയമ്മ ജോലി നേടിയെന്നും തന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അവർ പറഞ്ഞു. തന്റെ പേരിൽ മറ്റൊരാൾ ജോലി ചെയ്തിരുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അവർ ഇന്ന് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയതോടെ യുഡിഎഫ് ക്യാംപ് പ്രതിരോധത്തിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button