കോട്ടയം : കെ.എം.മാണിയുടെ മരണ ശേഷം കേരള കോണ്‍ഗ്രസില്‍ വീണ്ടും അധികാരത്തര്‍ക്കം രൂക്ഷമായി. പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി പി.ജെ.ജോസഫും ജോസ്.കെ.മാണിയും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടില്ല. കേരള കോണ്‍ഗ്രസ് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മറ്റി വിളിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ പി.ജെ ജോസഫിനെ തള്ളി ജോസ് കെ മാണി. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ജോസ് കെ മാണി. ചെയര്‍മാന്റെ കാര്യത്തില്‍ സമവായമുണ്ടായാലും സംസ്ഥാന കമ്മിറ്റി വിളിക്കണം. എതിര്‍പ്പുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് തന്നെ നടത്തണം. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ലെന്ന് താല്‍കാലിക ചെയര്‍മാന്‍ പി.ജെ ജോസഫ് വ്യക്തമാക്കിയത്. ചെയര്‍മാനെ സമവായത്തിലൂടെയാണ് കണ്ടെത്തേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പി.ജെ ജോസഫ് ചെയര്‍മാനും ജോസ് കെ മാണി വര്‍ക്കിങ് ചെയര്‍മാനുമായുള്ള ഫോര്‍മുല ആലോചനയില്‍ ഉണ്ടെന്നും ജോസഫ് പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മരിച്ചാല്‍ ഡെപ്യൂട്ടി ലീഡറെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഏല്‍പ്പിക്കണം എന്നാണ് ചട്ടം. ഇതുപ്രകാരം സി.എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
Post Your Comments