ന്യൂഡല്‍ഹി : വോട്ടെണ്ണാന്‍ രണ്ട് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ആം ആദ്മി പാര്‍ട്ടി. വോട്ടെണ്ണലില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്ന് ആം ആദ്മിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിങ് പറഞ്ഞു. വോട്ടെണ്ണുമ്പോള്‍, ഇ.വി.എമ്മും വിവിപാറ്റും തമ്മില്‍ വ്യത്യാസം കണ്ടാല്‍ പൊതുതെരഞ്ഞുടുപ്പ് തന്നെ റദ്ദ് ചെയ്യണമെന്നാണ് സഞ്ജയ് സിങ് പറഞ്ഞത്.
ഡല്‍ഹിയുള്‍പ്പടെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി ജയിക്കുമെന്ന് എന്തടിസ്ഥാനത്തിലാണ് പ്രവചിക്കാന്‍ കഴിയുന്നതെന്നും, പൊരുത്തക്കേട് കണ്ടാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോജിച്ച് നിന്ന് ആവശ്യപ്പെടണമെന്നും സിങ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എക്‌സിറ്റ് പോളുകളില്‍ അധികവും എന്‍.ഡി.എക്ക് അനുകൂലമായ റിസള്‍ട്ടായിരുന്നു പ്രഖ്യാപിച്ചത്.
എന്നാല്‍ ഇതിനെ ചോദ്യം ചെയ്താണ് എ.എ.പി രംഗത്ത് വന്നത്. ഡല്‍ഹിയില്‍ നിന്നും ആം ആദ്മിക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍, ഡല്‍ഹി സീറ്റുകള്‍ ബി.ജെ.പി തൂത്തുവാരുമെന്നും പറയുന്നു. നേരത്തെ, എക്‌സിറ്റ് പോള്‍ ഗൂഡാലോചനയാണെന്നും, ഗൂഡാലോചനക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിച്ച് നിന്ന് പോരാടണമെന്നും മമതാ ബാനര്‍ജി പറഞ്ഞിരുന്നു.
Post Your Comments