KeralaLatest News

എല്ലാം ഒരു വിരല്‍ തുമ്പില്‍ ; എടിഎമ്മുകളും ബാങ്ക് ശാഖകളും ഇനി അപ്രത്യക്ഷമായേക്കാം

കൊച്ചി : ഡിജിറ്റല്‍ ഇടപാടുകളിലുണ്ടാകാന്‍ പോകുന്ന വന്‍ മുന്നേറ്റത്തിന്റെ ഭാഗമായി ബാങ്ക് ശാഖകളുടെയും എടിഎമ്മുകളുടെയും എണ്ണം ഗണ്യമായി കുറയുമെന്ന് അനുമാനം. ‘പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ്’ സംവിധാനത്തിന്റെ 2019 2021 കാലയളവിലെ ലക്ഷ്യങ്ങള്‍ നിര്‍വചിച്ചുകൊണ്ടു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തയാറാക്കിയിട്ടുള്ള ദര്‍ശന രേഖയാണ് ഈ അനുമാനത്തിന് അടിസ്ഥാനം.

ഇപ്പോഴത്തെ മാര്‍ഗ രേഖ 2021 ഡിസംബര്‍ വരെയുള്ള വികസനമാണു ലക്ഷ്യമിടുന്നത്. 2021 ആകുമ്പോഴേക്കു ചെക്ക് അധിഷ്ഠിത ഇടപാടുകള്‍ ‘റീട്ടെയ്ല്‍ ഇലക്ട്രോണിക്’ ഇടപാടുകളുടെ രണ്ടു ശതമാനത്തില്‍ താഴെയായിരിക്കണമെന്നതാണു ലക്ഷ്യം.

ഇപ്പോള്‍ വ്യാപകമായി പ്രചാരത്തിലുള്ള യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫെയ്സ് (യുപിഐ), ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ്) എന്നീ സംവിധാനങ്ങള്‍ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തില്‍ 2021 വരെയുള്ള ഓരോ വര്‍ഷവും ലക്ഷ്യമിടുന്നതു 100% വളര്‍ച്ചയാണ്. നെഫ്റ്റ് (നാഷനല്‍ ഇലക്ട്രോണിക്സ് ഫണ്ട് ട്രാന്‍സ്ഫര്‍) സംവിധാനത്തില്‍ 40% വാര്‍ഷിക വളര്‍ച്ച ലക്ഷ്യമിടുന്നു.

വ്യാപാരശാലകളിലെ പോയിന്റ് ഓഫ് സെയ്ല്‍ (പിഒഎസ്) വഴിയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ പ്രതീക്ഷിക്കുന്ന വര്‍ധന 35 ശതമാനമാണ്. സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 35 കോടി കവിഞ്ഞിരിക്കുന്നുവെന്നതു സാധ്യതകള്‍ സൂചിപ്പിക്കുന്നു. നെഫ്റ്റ് പോലുള്ള സംവിധാനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുക, ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന തുകയുടെ പരിധി വര്‍ധിപ്പിക്കുക തുടങ്ങി ആര്‍ബിഐ പരിഗണിക്കേണ്ട നടപടികളും ദര്‍ശന രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button