ബാങ്കോക്ക്: അമ്മ ജീവനോടെ കുഴിച്ചുമൂടിയ കുഞ്ഞിനെ നായ കണ്ടെത്തി രക്ഷിച്ചു. തായ്ലന്റിലെ ചുംപുവാങ് ജില്ലയിലെ നഖോന്‍ രാറ്റ്ചസിമ പ്രവിശ്യയിലാണ് നായ പിഞ്ചുകുഞ്ഞിന്റെ ജീവന് രക്ഷിച്ചത്. ഇതോടെ നായ നാട്ടുകാരുടെ ഹീറോയും അഭിമാനവുമായി മാറി. ഇവിടെ പാടത്ത് മണ്ണില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്.
കഴിഞ്ഞ മെയ് 15 നായിരുന്നു സംഭവം. അമ്മ കുഞ്ഞിനെ കുഴിച്ചിട്ട് അധികം വൈകാതെ തന്നെ പ്രദേശത്തെ ഒരു കര്‍ഷകന്റെ വളര്‍ത്തുനായ ഇവിടേക്ക് എത്തുകയായിരുന്നു. മണം പിടിച്ചെത്തിയ നായ മണ്ണിനടിയില്‍ കുഞ്ഞുണ്ടെന്ന് മനസിലാക്കി. ഉടന്‍ പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന തന്റെ ഉടമയുടെ അടുത്തേക്ക് ഓടി യജമാനനെ വിവരം അറിയിക്കുകയായിരുന്നു. നായയുടെ വെപ്രാളം കണ്ട് അസ്വാഭാവികത തോന്നിയ കര്ഷകന് ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇദ്ദേഹമാണ് മണ്ണിനടിയില്‍ നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്.
കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ മാത്രമേ കുഞ്ഞിന് പ്രായമുള്ളൂവെന്ന ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തി. കൗമാരപ്രായക്കാരിയായ ഇവര്‍ക്കെതിരെ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചതിനും കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതിനും കേസെടുത്തു. അമ്മയ്ക്ക് 15 വയസ് മാത്രമാണ് പ്രായം. മാതാപിതാക്കള്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് ഭയന്നാണ് കുഞ്ഞിനെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് ഈ പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പിങ് പോങ് എന്നാണ് കുഞ്ഞിനെ കണ്ടെത്തിയ നായയുടെ പേര്. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് പിങ് പോങിനെ അഭിനന്ദിക്കാനെത്തുന്നത്.
Post Your Comments