KeralaLatest News

പരാതി ഫലം കണ്ടില്ല; പി.എസ്.സി പരീക്ഷ ഓണ്‍ലൈനായി തന്നെ നടക്കും

തിരുവനന്തപുരം : സിസ്റ്റം അനലിസ്റ്റ് തസ്തികയിലേക്കു നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷ ഓണ്‍ലൈനാക്കിയതിനു പിന്നില്‍ സ്വജനപക്ഷപാതമെന്ന് ആരോപണം. ശനിയാഴ്ച നടക്കാനിരിക്കുന്ന പരീക്ഷയാണ് സി.ഡിറ്റില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ക്കായി ഓണ്‍ലൈനിലേക്ക് മാറ്റിയത്. പരീക്ഷാരീതി മാറ്റരുതെന്ന് കാണിച്ച് ഉദ്യോഗാര്‍ഥികള്‍ പിഎസ്സി ചെയര്‍മാന് പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല.

പിഎസ്സിയുടെ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം തയാറാക്കിയതും കൈകാര്യം ചെയ്യുന്നതും സിഡിറ്റാണ്. ഇതിന്റെ ചുമതലയുള്ള രണ്ടു ജീവനക്കാരാണ് ശനിയാഴ്ച നടക്കുന്ന സിസ്റ്റം അനലിസ്റ്റ് പരീക്ഷയില്‍ പങ്കെടുക്കുന്നത്. പി.എസ്.സിയുടെ ഓണ്‍ലൈന്‍ പരീക്ഷ നടക്കുമ്പോള്‍ ഡേറ്റ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരാണ് ഇരുവരും. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വകുപ്പുതല പരീക്ഷയ്ക്ക് ചോദ്യം മാറിയപ്പോള്‍ പിഎസ്സിയിലെത്തി പിശക് പരിഹരിച്ചത് ഇവരായിരുന്നു.

ഇതുമനസിലാക്കി മുന്‍ പരീക്ഷാ കണ്‍ട്രോളര്‍, സിസ്റ്റം അനലിസ്റ്റ് പരീക്ഷ ഓണ്‍ലൈനില്‍ നടത്താതെ ഒഎംആര്‍ രീതിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു പിഎസ്സി അംഗം ഇവര്‍ക്കു വേണ്ടി പരീക്ഷ ഓണ്‍ലൈന്‍ ആക്കിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷയുടെ ചുമതലയുള്ളവര്‍തന്നെ പരീക്ഷ എഴുതുന്ന അവസ്ഥയില്‍ സിസ്റ്റം അനലിസ്റ്റ് പരീക്ഷ ഒഎംആര്‍ ഓണ്‍ലൈന്‍ രീതിയില്‍ നടത്തരുതെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ ഗവര്‍ണര്‍, മുഖ്യമന്തി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button