തിരുവനന്തപുരം: തിരുവനതപുരം ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം. ദിവസേന ഏകദേശം രണ്ടുലക്ഷം ലിറ്റര്‍ ജലം വേണ്ട ആശുപത്രിയില്‍ ഇപ്പോള്‍ 50,000 ലിറ്റര്‍ ജലം പോലും വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനില്‍ നിന്നും ലഭിക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി സ്ഥിതിയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇത് പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകളില്‍ ജനറല്‍ ആശുപത്രിയിലേക്ക് വെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നഗരത്തിലെ എല്ലായിടത്തും എത്തേണ്ടതിനാല്‍ ടാങ്കറുകളുടെ ലഭ്യത കുറവ് പ്രധാന പ്രശ്‌നമാണ്.
കാഷ്വാലിറ്റി ഉള്‍പ്പെടുന്ന ബ്ലോക്കില്‍ ബോര്‍വെല്‍ സംവിധാനം ഉള്ളതുകൊണ്ട് അവിടെ ഈ പ്രശ്‌നം ബാധിക്കുന്നില്ല. എന്നാല്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ജലക്ഷാമം ഒരു വലിയ പ്രശ്‌നമാണ്. അരുവിക്കരയില്‍ ഡാമില്‍ നിന്നും എത്തുന്ന വെള്ളത്തിന്റെ പ്രഷര്‍ ഇപ്പോള്‍ കുറവാണ് വേനലായതിനാല്‍ ജലം ഫില്‍ട്രേഷന്‍ ചെയ്യുന്നതിനായി കൂടുതല്‍ സമയം എടുക്കുന്നുണ്ട്. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെയും ജനറല്‍ ആശുപത്രി സ്വന്തം നിലയിലും ടാങ്കറുകളില്‍ വെള്ളം ശേഖരിച്ചിട്ടു പോലും തികയാത്ത അവസ്ഥയാണ്.
നൂറുകണക്കിന് ആളുകള്‍ ദിനംപ്രതി വന്നുപോകുന്ന ജനറല്‍ ഹോസ്പിറ്റലില്‍ ജലലഭ്യത കുറവായാല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനങ്ങളെ തന്നെ സാരമായി ബാധിക്കും. രണ്ട് ദിവസത്തിനകം പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതരുടെ പ്രതികരണം.
Post Your Comments