ലക്നൗ: എന്നാലും യോഗിക്കിതെന്തു പറ്റി. എസ്.പി നേതാവ് അഖിലേഷ് യാദവിനൊപ്പം വിമാനത്തില്‍ പ്രഭാതഭക്ഷണം കഴിക്കുന്നത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് ഏവരും ഒരുപോലെ ചോദിച്ച കാര്യമിതാണ്. മോദിയെ താഴെയിറക്കാനായി മായാവതിയെ പ്രധാനമന്ത്രിയൊക്കിയേ തീരൂ എന്ന് ഉറച്ച് പ്രഖ്യാപിക്കുന്ന അഖിലേഷിനൊപ്പം യോഗി ഇത്രയും സൗഹര്‍ദത്തോടെ പ്രത്യക്ഷപ്പെടാന്‍ ഒരു സാദ്ധ്യതയുമില്ല. അപ്പോള്‍ യോഗിയുടെ ഈ അപരന് ആരാണ്? ഇതാണ് ലക്നൗ സ്വദേശിയായ സുരേഷ് താക്കൂര്‍. കണ്ടാല്‍ തനി യോഗി ആദിത്യനാഥ്. കാഷായ വേഷവും കമ്മലും എല്ലാം ഒരു പോലെ.
ഈയിടെ യു.പിയില്‍ അഖിലേഷ് യാദവ് പ്രസംഗിക്കുന്ന എസ്.പി പ്രചാരണ വേദകളിലെല്ലാം ഈ അപരന് യോഗിയുടെ സാനിധ്യമുണ്ടായിരുന്നു. പ്രസംഗിക്കില്ല, എല്ലാവരെയും കൈ വീശിക്കാണിക്കും. കാണുന്നവര്‍ക്ക് അമ്പരപ്പും ആശയക്കുഴപ്പവും. കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ ചിത്രം പോസ്റ്റ് ചെയ്ത് ഇത് യോഗി അല്ല എന്ന ആ സത്യ വെളിപ്പെടുത്തുകയായിരുന്നു.
ബി.ജെ.പിയും എസ്.പി യും തമ്മിലുള്ള പോര് പലപ്പോഴും മുറുകാറുണ്ട്. പ്രധാനമന്ത്രിയാകാന്‍ താനില്ലെന്ന് യാദവ് നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്. പക്ഷേ, രാജ്യത്തിന് പുതിയൊരു പ്രധാനമന്ത്രിയെ സംഭാവന ചെയ്യുന്ന കാര്യത്തില്‍ സുപ്രധാന പങ്കു വഹിക്കാനുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അപ്പോള്‍ കിംഗ് മേക്കര്‍ ആകുന്നതിലാണ് താത്പര്യം എന്നാണോ? അതുമല്ല. ‘ആ പ്രയോഗം ശരിയല്ല. ഞാന്‍ ഒരു സഹയോഗ് രാജ ആയിരിക്കും. കിംഗ് മേക്കര്‍ എന്നു പറയുമ്പോള്‍ അതിലൊരു ധാര്‍ഷ്ട്യത്തിന്റെ ഛായയുണ്ട്. എനിക്ക് ഒരു ധാര്‍ഷ്ട്യവുമില്ല.’ ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അഖിലേഷ് വ്യക്തമാക്കിയിരുന്നു.
റാലികളില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ അതിശക്തമായ ആക്രമണമാണ് അഖിലേഷും മായാവതിയും നടത്തിയത്. എസ്.പി, ബി.എസ്.പി പോലെയുള്ള കക്ഷികള്‍ തന്നെ കോണ്‍ഗ്രസിന്റെ ഭരണ പരാജയത്തില്‍ നിന്ന് ജന്മമെടുത്തതാണെന്ന് മായാവതി റാലിയില്‍ പറഞ്ഞിരുന്നു. കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായത് അവരുടെ തെറ്റായ നയങ്ങള്‍ കാരണമാണ്. ബി.ജെ.പി ആകട്ടെ, കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നും ബി.ജെ.പി ഭരിക്കുന്നതു തന്നെ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണ്. ഈ തിരഞ്ഞുപ്പില്‍ ബി.ജെ.പി ഭരണം തൂത്തെറിയപ്പെടുമെന്നും മായാവതി വ്യക്തമാക്കിയിരുന്നു.
Post Your Comments