ആലപ്പുഴ : വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകാതെ നല്‍കാന്‍ പുതിയ സംവിധാനം തയ്യാറായി. കേസുകളോ അച്ചടക്ക നടപടിയോ നേരിടുന്നവര്‍ ഒഴികെയുള്ളര്‍ക്കു വിരമിക്കുന്ന ദിവസം തന്നെ പെന്‍ഷനും കമ്യുട്ടേഷന്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങളും അനുവദിച്ച് അക്കൗണ്ടന്റ് ജനറലില്‍ നിന്ന് അനുമതി കിട്ടിയിട്ടുണ്ടെന്ന് മേലധികാരി ഉറപ്പാക്കും. കേസുകളോ അച്ചടക്ക നടപടികളോ ഉള്ളവര്‍ക്ക് അതില്‍ തീര്‍പ്പുണ്ടായ ശേഷമേ ആനുകൂല്യങ്ങള്‍ അനുവദിക്കൂ. അതുവരെ താല്‍ക്കാലിക പെന്‍ഷന്‍ നല്‍കും. ആനുകൂല്യങ്ങള്‍ വൈകിക്കുന്നതിലൂടെ സര്‍ക്കാരിനു പലിശയിനത്തിലുണ്ടാകുന്ന നഷ്ടം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു വംവിധാനം തയ്യാറാക്കിയിരിക്കുന്നത്.
എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ ശുപാര്‍ശ അധ്യയന വര്‍ഷം കഴിയാന്‍ കാത്തുനില്‍ക്കാതെ വിരമിക്കല്‍ തീയതിക്ക് 6 മാസം മുന്‍പ് നല്‍കിയെന്ന് സ്ഥാപന അധികാരി ഉറപ്പാക്കും. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ശമ്പള വര്‍ധനയ്ക്കു കാത്തുനില്‍ക്കാതെ, പെന്‍ഷന്‍ അപേക്ഷ നല്‍കുന്ന സമയത്തെ സേവന, വേതന വ്യവസ്ഥകള്‍ അനുസരിച്ചു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തിട്ടപ്പെടുത്തി മേലധികാരി സാങ്ഷനിങ് അതോറിറ്റിക്കോ അക്കൗണ്ടന്റ് ജനറലിനോ നല്‍കും.
ജീവനക്കാരന്റെ ഓഫിസ് മാറ്റത്തിന്റെ സമയത്ത് ബാധ്യതയുണ്ടെങ്കില്‍ അവസാന ശമ്പള സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയും ഉടന്‍ ഈടാക്കുകയും ചെയ്യും. ജീവനക്കാരന്‍ വിരമിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അവസാന ശമ്പള സര്‍ട്ടിഫിക്കറ്റ് ട്രഷറി ഓഫിസര്‍ക്കു നല്‍കും.
വിരമിക്കുമ്പോള്‍ അച്ചടക്ക നടപടി നിലവിലുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഡിസിആര്‍ജി അനുവദിക്കുന്നതു വൈകിയതിനു കോടതി ഉത്തരവു വഴി പലിശ നല്‍കേണ്ടി വന്നാല്‍ വൈകിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. ഓരോ വര്‍ഷവും ജനുവരി 1 മുതലും ജൂലൈ 1 മുതലും, 18 മാസത്തിനകം വിരമിക്കുന്നവരുടെ പട്ടിക ഓഫിസ് മേലധികാരിക്കും പ്രിസം സോഫ്റ്റ്വെയറിലേക്കും നല്‍കും. പട്ടികയിലുള്ളവര്‍ പെന്‍ഷന്‍ അപേക്ഷ സമയബന്ധിതമായി നല്‍കിയിട്ടുണ്ടെന്നും ഉറപ്പാക്കും.
Post Your Comments