കൊച്ചി: ബോള്‍ഗാട്ടിയില്‍ കായല്‍ കയ്യേറി വീട് നിര്‍മിച്ച കേസില്‍ ഗായകന്‍ എം.ജി. ശ്രീകുമാര്‍ പത്താംപ്രതി. ഇതുസംബന്ധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തീരദേശ പരിപാലനച്ചട്ടം ലംഘിച്ചാണു വീട് നിര്‍മിച്ചതെന്നും അതിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അദ്ദേഹത്തിനു പുറമെ മുളവുകാട് പഞ്ചായത്ത് മുന്‍സെക്രട്ടറിമാരും ഓവര്‍സീയര്‍മാരുമാണ് ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള പ്രതികള്‍.
റിപ്പോര്‍ട്ട് മധ്യവേനല്‍ അവധിക്കുശേഷം കോടതി പരിഗണിക്കും.കൂടുതല്‍ അന്വേഷണത്തിനു പഞ്ചായത്ത് ഒംബുഡ്‌സ്മാനു കേസു വിടാവുന്നതാണെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. അനധികൃതകെട്ടിടം പണിയാന്‍ അനുവദിച്ചതിനു പണംവാങ്ങിയതായി തെളിഞ്ഞിട്ടില്ല. ഗൂഢാലോചനയുണ്ടോ എന്നു കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്. അതെ സമയം കോടതി നിര്‍ദേശിക്കുന്നതനുസരിച്ച് വിശദമായ അന്വേഷണത്തിനു തയാറാണെന്നും വ്യക്തമാക്കി.
പഴയകെട്ടിടം പൊളിച്ചുനീക്കുന്നതിനും അവിടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുമായിരുന്നു ശ്രീകുമാര്‍ അപേക്ഷിച്ചത്. ബലക്ഷയമുള്ളതും ഉപയോഗശൂന്യവുമായതിനാല്‍ പൊളിച്ചുകളയാന്‍ അനുമതി തേടിയാണ് അപേക്ഷ സമര്‍പ്പിച്ചത്. ബില്‍ഡിങ് പ്ലാന്‍, എസ്റ്റിമേറ്റ് തുടങ്ങിയവ പരിശോധിച്ച് അനുമതി നല്‍കിയതിലും ഓവര്‍സിയര്‍ ഗുരുതരമായ പിഴവുവരുത്തി.
കായലില്‍നിന്ന് ഒന്നരമീറ്റര്‍ പോലും അകലം പാലിക്കാതെയായിരുന്നു നിര്‍മാണം. ഇക്കാര്യം അറിഞ്ഞിട്ടും നിര്‍മാണം തടയാനോ, കാരണംകാണിക്കല്‍ നോട്ടിസ് കൊടുക്കാനോ, റിപ്പോര്‍ട്ട് ചെയ്യാനോ പഞ്ചായത്ത് സെക്രട്ടറി തയാറായില്ല. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് രാജ് ആക്‌ട് അനുസരിച്ചും അഴിമതി നിരോധന നിയമപ്രകാരവുമാണു വിജിലന്‍സ് കേസെടുത്തത്.
Post Your Comments