Latest NewsKerala

മദ്യവില്‍പ്പനശാലകളിലെ അഴിമതി കുറയ്ക്കാന്‍ വിജിലന്‍സിന്റെ നടപടി ഇങ്ങനെ

തിരുവനന്തപുരം : മദ്യവില്‍പ്പനശാലകളിലെ അഴിമതി കുറയ്ക്കാന്‍ വിജിലന്‍സിന്റെ ശക്തമായ നടപടി. ഇതിനായി ബീവറേജസ്- കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. സംസ്ഥാന വ്യാപകമായി മദ്യവില്‍പനശാലകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചു സര്‍ക്കാരിനു സമര്‍പ്പിക്കാനൊരുങ്ങുന്ന റിപ്പോര്‍ട്ടിലാണു ക്യാമറ സ്ഥാപിക്കണമെന്ന ശുപാര്‍ശയുള്ളത്.

സെല്‍ഫ് സര്‍വീസ് കൗണ്ടറുകളുള്ള മദ്യവില്‍പനശാലകളില്‍ മാത്രമാണ് ഇപ്പോള്‍ നിരീക്ഷണ ക്യാമറകളുള്ളത്. ഇത് എണ്ണത്തില്‍ കുറവാണ്. എല്ലാ മദ്യവില്‍പനശാലകളിലെയും കൗണ്ടറുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണു വിജിലന്‍സിന്റെ അഭിപ്രായം. ജീവനക്കാരെയും മദ്യം വാങ്ങാനെത്തുന്നവരെയും നിരീക്ഷിക്കാനാകുന്ന തരത്തിലായിരിക്കണം ക്യാമറകള്‍ സ്ഥാപിക്കേണ്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇവ നിരീക്ഷിക്കാനുള്ള കേന്ദ്രീകൃത സംവിധാനമൊരുക്കണം.

ബീവ്‌റേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നു വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണു കഴിഞ്ഞമാസം 29ന് ഔട്ട്‌ലറ്റുകളില്‍ മിന്നല്‍ പരിശോധന നടന്നത്.

62 വിദേശമദ്യ ഔട്ട്‌ലറ്റുകളില്‍ നടത്തിയ പരിശോധനയില്‍ പകുതിയോളം കേന്ദ്രങ്ങളിലും വിറ്റുപോയ മദ്യത്തിന്റെ വിലയേക്കാള്‍ കുറവായിരുന്നു ക്യാഷ് കൗണ്ടറിലുള്ള തുക. 1,12,000 രൂപയാണു കുറവുള്ളതായി കണ്ടെത്തിയത്. ബില്ലില്‍ വില രേഖപ്പെടുത്തിയ ഭാഗം കീറി കളഞ്ഞും മഷി തീര്‍ന്ന ടോണര്‍ ഉപയോഗിച്ചു ബില്ലുകള്‍ പ്രിന്റ് ചെയ്തും ഉപഭോക്താക്കളില്‍നിന്നു യഥാര്‍ഥവിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നതായും വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായി. ഇതെതുടര്‍ന്നാണ് ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ സിസിടിവി കാമറ വെയ്ക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button