എറണാകുളം:ഭിന്നശേഷിയുള്ള കുട്ടിക്ക് പ്രവേശനം തടഞ്ഞു സ്വകാര്യ സ്കൂൾ , ഭിന്നശേഷിക്കാരനായ കുട്ടിക്ക് പ്രവേശനം നൽകാൻ വിസമ്മതിച്ച സ്വകാര്യ സ്കൂൾ അധികൃതർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഎസ്ഇ റീജിയണൽ ഡയറക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറും അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ അധികൃതർ കുട്ടിയുടെ രക്ഷകർത്താക്കളിൽ നിന്ന് മുൻകൂർ തുക വാങ്ങിയ ശേഷം പ്രവേശനം നൽകാതിരുന്ന തിരുവാണിയൂരിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ പരാതിയെ കുറിച്ച് രേഖാമൂലം വിശദീകരണം നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. കേസ് ജൂൺ 7 ന് കളമശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
സംഭവത്തിൽ എറണാകുളം ഏലംകുളം സ്വദേശി നൽകിയ പരാതിയിലാണ് നടപടി. ഹൈപ്പർ ആക്റ്റിവിറ്റിക്ക് ചികിത്സ നടത്തുന്ന തന്‍റെ കൊച്ചുമകന് നാലാം ക്ലാസ് പ്രവേശനത്തിന് വേണ്ടിയാണ് പരാതിക്കാരൻ സ്വകാര്യ സ്കൂളുകളെ സമീപിച്ചത്. മൈസൂരിലെ ഇന്‍റർനാഷണൽ സ്കൂളിൽ വിദ്യാർത്ഥിയാണ് കൊച്ചുമകൻ. പരാതിക്കാരന്‍റെ മകൻ ജോലി സംബന്ധമായി യുഎസ്എയിൽ പോയത് കാരണമാണ് കുട്ടിയെ എറണാകുളത്തെ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചത്. കുട്ടിയെ ഏതെങ്കിലും സ്പെഷ്യൽ സ്കൂളിൽ ചേർക്കാനായിരുന്നു സ്കൂളുകളിൽ നിന്നും ലഭിച്ച ഉപദേശം. എന്നാൽ കുട്ടിയെ സാധാരണ സ്കൂളിൽ ചേർക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചെന്നും പരാതിക്കാരന്‍ പറഞ്ഞു.
കൂടാതെ തിരുവാണിയൂരിലെ പബ്ലിക്ക് സ്കൂൾ കുട്ടിയെ അഭിമുഖം നടത്തിയ ശേഷം പ്രവേശനം നൽകാമെന്ന് സമ്മതിച്ചിരുന്നു. 5054 രൂപയും ഇതിമായി അടച്ചു. കുട്ടിയെ സഹായിക്കാൻ ഷാഡോ ടീച്ചറെ നിയോഗിക്കാമെന്നും സമ്മതിച്ചു. അതിനുള്ള പണം അടയ്ക്കാനും വീട്ടുകാർ സമ്മതിച്ചു. എന്നാൽ ഇപ്പോൾ പ്രവേശനം നൽകില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ നിലപാട്.
എറണാകുളം തൃപൂണിത്തുറയിലെ സ്വകാര്യ ഇന്‍റർനാഷണൽ സ്കൂൾ, ഗാന്ധിനഗറിലെ സ്വകാര്യ സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളും കുട്ടിക്ക് പ്രവേശനം നൽകാൻ വിസമ്മതിച്ചു. 2016 ൽ ഭിന്നശേഷിക്കാർക്കുള്ള അവകാശങ്ങൾ ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തിയ രാജ്യത്ത് ഭിന്നശേഷിക്കാരന് സ്കൂൾ പ്രവേശനം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് പരാതിയിൽ ആരോപിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളോട് വിവേചനം കാണിക്കരുതെന്ന് സിബിഎസ്ഇയും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ സ്കൂളുകൾ നിയമങ്ങൾ കാറ്റിൽ പറത്തുകയാണെന്ന് പരാതിയിൽ പറയുന്നു. വിദ്യാർത്ഥി യുഎസ്എയിലാണ് ജനിച്ചത്. തിരുവാണിയൂരിലെ സ്വകാര്യ സ്കൂളിൽ പ്രവേശനം നേടി തരണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം. ഇത് ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ആശ്വാസമായി തീരുമെന്ന് പരാതിയിൽ പറയുന്നു.
Post Your Comments