നമ്മള്‍ കഴിക്കുന്ന ഭക്ഷണം എന്താണോ, എത്ര അളവാണോ, എന്താണോ അതിന്റെ സമയക്രമം എന്നിവയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട പോരായ്കകളും അശ്രദ്ധകളും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കോ അസുഖങ്ങളിലേക്കോ എല്ലാം പിന്നീട് നയിക്കുന്നത് ഇതിനാലാണ്.
കുട്ടികളുടെ കാര്യത്തിലായാലും ഭക്ഷണത്തിന്റെ പ്രാധാന്യം ഇങ്ങനെ തന്നെയാണ്. എന്നാല്‍ സമഗ്രമായ രീതിയില്‍ കുട്ടികളെ കൊണ്ട് ഭക്ഷണം കഴിപ്പിക്കാന്‍ മിക്കപ്പോഴും മാതാപിതാക്കളും വീട്ടിലെ മുതിര്‍ന്നവരും സ്‌കൂള്‍ ജീവനക്കാരുമെല്ലാം പ്രയാസപ്പെടാറുണ്ട്.
കുട്ടികളെ നന്നെ ചെറുപ്പത്തില്‍ തന്നെ എല്ലാ തരം ഭക്ഷണം കഴിപ്പിച്ചും ശീലിപ്പിക്കണം. വളര്‍ച്ചയുടെ ഘട്ടമെത്തുമ്പോള്‍ അവര്‍ക്കാവശ്യമായി വരുന്ന പല പോഷകങ്ങളും ലഭിക്കുന്ന തരം ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഈ പരിശീലനം. എന്തായാലും ഇത്തരത്തില്‍ കുട്ടികളുടെ എല്ലുകളുടെ വളര്‍ച്ചയും ആരോഗ്യവും ഉറപ്പ് വരുത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
എള്ള്…
മിക്ക വീടുകളിലും ഇന്ന് എള്ള് വാങ്ങി സൂക്ഷിക്കുകയോ കാര്യമായ രീതിയില്‍ ഉപയോഗിക്കുകയോ ചെയ്യാറില്ല. എന്നാലിത് ഡിസേര്‍ട്ടുകളോ പലഹാരങ്ങളോ സലാഡുകളോ എല്ലാം തയ്യാറാക്കുമ്പോള്‍ അതിലേക്ക് ചേര്‍ക്കാവുന്നതേയുള്ളൂ. കുട്ടികളിലേക്കും ഈ രീതിയിലെല്ലാം എള്ള് എത്തിക്കാം.
തൈര്…
ചില കുട്ടികള്‍ കഴിക്കാന്‍ മടിക്കുന്നൊരു വിഭവമാണ് തൈര്. എന്നാല്‍ തൈരും നിര്‍ബന്ധമായി കുട്ടികളുടെ ഭക്ഷണശീലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക. കാരണം ഇതും എല്ലുകളുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന ഭക്ഷണമാണ്.
പയര്‍വര്‍ഗങ്ങള്‍- ധാന്യങ്ങള്‍…
വിവിധയിനം പയറുകളും ധാന്യങ്ങളും പൊടിക്കാതെ അങ്ങനെ തന്നെ പാകം ചെയ്ത് വിവിധ വിഭവങ്ങളാക്കി ഇവയും കുട്ടികളെ കൊണ്ട് കഴിച്ച് ശീലിപ്പിക്കണം. കാരണം ഇവയെല്ലാം കാത്സ്യത്താല്‍ സമ്പന്നമായ ഭക്ഷണസാധനങ്ങളാണ്. രാജ്മ, ചന്ന (വെള്ളക്കടല), കറുത്ത കടല, ഗ്രീന്‍ പീസ് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിപ്പിക്കാവുന്നതാണ്.
ഇലക്കറികള്‍…
കുട്ടികള്‍ കഴിക്കാന്‍ മടിക്കുന്ന ഭക്ഷണമാണ് ഇലക്കറികള്‍. ചീര, മുരിങ്ങ തുടങ്ങിയവയെല്ലാം ഇതിനുദാഹരണമാണ്. എന്നാല്‍ ഇവയെല്ലാം കുട്ടികള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. എല്ലുകളുടെ ആരോഗ്യത്തെ മാത്രമല്ല ആകെ ആരോഗ്യത്തെയും പോസിറ്റീവായി സ്വാധീനിക്കുന്ന ഭക്ഷണമാണ് ഇലക്കറികള്‍.
നട്‌സ്…
ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് നട്‌സ്. ആരോഗ്യത്തിന് ദോഷകരമായി വരുന്ന സ്‌നാക്‌സ് കഴിച്ച് അത് ശീലമാക്കുന്നതിന് പകരം കുട്ടികളെ ചെറുപ്പം തൊട്ട് തന്നെ നട്‌സ്, സീഡ്‌സ് എന്നിവയെല്ലാം കഴിച്ച് ശീലിപ്പിക്കുക. അതുപോലെ ഡ്രൈ ഫ്രൂട്‌സും കുട്ടികള്‍ക്ക് പിന്നീട് നല്ലൊരു ശീലമായിരിക്കും.
Post Your Comments