Latest NewsIndia

പ്ലേസ്കൂളിൽ പോകാൻ മടി, പോയിവന്നാൽ കുഞ്ഞുങ്ങൾക്ക് സുഖമില്ല, സിസിടിവിയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ: അധ്യാപികമാർ ഒളിവിൽ

പ്ലേസ്കൂളിൽ കൊച്ചുകുഞ്ഞുങ്ങളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് അധ്യാപികമാർ ഒളിവിൽ. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കുട്ടികളെ ക്രൂരമായി മർദിച്ച അധ്യാപകർ സമൂഹത്തോട് ചെയ്തത് കടുത്ത അപരാധമാണെന്ന് ജാമ്യാ​പേക്ഷ നിരസിച്ച ദിൻദോഷി സെഷൻസ് കോടതി ചൂണ്ടിക്കാട്ടി.

മുംബൈ കണ്ഡീവ്‍ലിയിലാണ് സംഭവം. ജിനാൽ ഛെദ, ഭക്തി ഷാ എന്നീ അധ്യാപികമാരാണ് ഒളിവിൽ പോയത്. പ്ലേസ്കൂളിലെ 25ഓളം വിദ്യാർഥികളെ ഇവർ ചവിട്ടുന്നതും അടിക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്ലേസ്കൂളിൽ ടീച്ചർമാർ ഒളിവിലാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. എന്നാൽ, അധ്യാപികമാരെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും അറസ്റ്റ് വൈകിക്കുകയാണെന്നും രക്ഷിതാക്കൾ ആരോപിച്ചു.

‘ഞങ്ങൾ അവരുടെ വീടുകൾ ചൊവ്വാഴ്ച പരിശോധിച്ചു. എന്നാൽ, അധ്യാപികമാരെ കണ്ടെത്താനായില്ല. അവർ ഒളിവിലാണ്. അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്നു’- കണ്ഡീവ്ലി പൊലീസ് സീനിയർ ഇൻസ്​പെക്ടർ ദിൻകർ ജാദവ് പ്രതികരിച്ചു. എന്നാൽ, ഉടനടി പ്രവർത്തിക്കാതെ അധ്യാപികമാർക്ക് രക്ഷപ്പെടാൻ പൊലീസ് സമയം നൽകിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

‘കണ്ഡീവ്‍ലി പൊലീസ് സ്റ്റേഷനിൽ ഞങ്ങൾ ചെല്ലുമ്പോഴൊക്കെ കേസിലെ നിരുത്തരവാദപരമായ സമീപനത്തിന് എന്തെങ്കിലും പുതിയ നിയമങ്ങളും ന്യായങ്ങളുമൊക്കെ അവർക്ക് പറയാനുണ്ടാകും. പരാതിക്കാർക്കെതിരെ നടപടിയെടുക്കാതിരിക്കാനുള്ള കാരണങ്ങളാണ് അവയൊക്കെ. ദിൻദോഷി കോടതി ജാമ്യാപേക്ഷ നിരസിച്ച ശേഷം അധ്യാപികമാരെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ പൊലീസുകാരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, തങ്ങൾക്ക് അതിന്റെ ഓർഡർ ലഭിച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഓർഡറിന്റെ പകർപ്പുമായി ഞങ്ങൾ വീണ്ടും അവരുടെ അടുക്കൽ ചെന്നു. അ​പ്പോൾ, പൊലീസ് ഡെപ്യൂട്ടി കമീഷണറുടെ ഒപ്പ് അതിൽ വേണമെന്നായി അവർ.’ -കുട്ടികളിലൊരാളുടെ രക്ഷിതാവായ സ്ത്രീ പ്രതികരിച്ചു.

‘ചൊവ്വാഴ്ച പൊലീസുകാർ ടീച്ചർമാരുടെ വീടുകളിൽ ചെന്നു. അപ്പോൾ അവ പൂട്ടിക്കിടക്കുന്നത് കണ്ടു. ഇതിനപ്പുറം എന്തുകൊണ്ടാണ് അവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാത്തത്? ഞങ്ങളുടെ കുഞ്ഞുങ്ങൾ നീതി അർഹിക്കുന്നില്ലേ?’ -മറ്റൊരു മാതാവ് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button