തിരുവനന്തപുരം•മലേഷ്യയിൽ തൊഴിൽ തേടിപ്പോകുന്ന മലയാളികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക-റൂട്ട്സ് അധികൃതർ അറിയിച്ചു. അടുത്ത കാലത്ത് നിരവധി പേർ വിസ തട്ടിപ്പിനും വ്യാജ റിക്രൂട്ടിംഗ് ഏജൻസികളുടെ ചതിയിൽപ്പെട്ട് തട്ടിപ്പിനിരയായതായും നോർക്ക-റൂട്ട്സിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടുത്തിടെ മലേഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ 19 പേരെ നോർക്ക-റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു. ഇതിനുശേഷം ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതിനാലാണ് മുന്നറിയിപ്പ്.
പാസ്‌പോർട്ടിന്റെയും വിസിറ്റിംഗ് വിസയുടേയും കാലാവധി തീർന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുളള കേരള സർക്കാരിന്റെ രണ്ട് സ്ഥാപനത്തിൽ ഒന്നാണ് നോർക്ക-റൂട്ട്സ്. നഴ്സുമാർ, ഡോക്ടർമാർ, ടെക്നീഷ്യൻമാർ, ഗാർഹിക തൊഴിലാളികൾ എന്നീ മേഖലകളിൽ ജി.സി.സി രാജ്യങ്ങളിലേക്കുള്ള നോർക്ക-റൂട്ട്സ് മുഖേനയുള്ള റിക്രൂട്ട്മെന്റ് തികച്ചും സുതാര്യമാണ്. പ്രസ്തുത സാഹചര്യങ്ങളിൽ മലേഷ്യയിൽ തൊഴിൽതേടി പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് നോർക്ക-റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ നോർക്ക-റൂട്ട്സ് കാൾസെന്ററിൽ (18004253939 ഇന്ത്യയിൽ) (00918802012345 വിദേശത്ത്) ലഭിക്കും.
Post Your Comments