തിരുവനന്തപുരം•സി ഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ടുകള്‍ ഒരു കാരണശാലും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറം കരാര്‍ കൊടുക്കില്ലെന്ന് നിയമസഭക്ക് നല്‍കിയ ഉറപ്പുപോലും ലംഘിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിവാര ഔദ്യോഗിക ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടെന്ന പരിപാടി സി.പി.എമ്മിന്റെ സ്വന്തം ചാനലായ കൈരളി ചാനലിന് നല്‍കിയതെന്ന് വി.മുരളീധരൻ എം.പി. ആരോപിച്ചു. ബി ജെ പി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി ഡിറ്റിന്റെ പ്രോജക്ടുകള്‍ മറ്റു സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൊടുക്കില്ലെന്ന് 2019 ജനുവരി 31ന് കെ.സി.ജോസഫിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. നിയമസഭക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ നീക്കത്തിനു പിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. പൊതുഖജനാവിലെ പണം ഉപയോഗിച്ച് നഷ്ടത്തിലോടുന്ന പാര്‍ട്ടി ചാനലിനെ ലാഭത്തിലാക്കാനാണ് മുഖ്യമന്ത്രി ഇതിലൂടെ ശ്രമിക്കുന്നത്.
പൊതുമേഖല സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി അധികാരത്തിൽ വന്ന ഇടത് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിൽ യാതൊരു ആത്മാര്‍ഥതയുമില്ലെന്നാണ് സി ഡിറ്റിനോടു ചെയ്തിരിക്കുന്ന ചതിയില്‍നിന്നു വെളിപ്പെടുന്നത്. മുഖ്യമന്ത്രിയുടെ പരിപാടിയായ നാം മുന്നോട്ട് മാത്രമല്ല സി ഡിറ്റിന്റെ അഭിമാന പ്രോജക്ടുകളായ സിഎംഡിആര്‍എഫ്, സിഎംഒ പോര്‍ട്ടല്‍, കെഎസ്എഫ്ഇ പ്രവാസി ചിട്ടി എന്നിവയും വ്യക്തിഗത വിവരങ്ങള്‍ സഹിതം സ്വകാര്യ കമ്പനികള്‍ക്ക് പുറംകരാര്‍ നല്‍കിയിരിക്കുകയാണ്.
കൈരളി ചാനലിനു പരിപാടി കൈമാറിയാല്‍ സി ഡിറ്റില്‍ ചെയ്യുന്നതിനെക്കാള്‍ ഒരു ലക്ഷം രൂപയോളം ലാഭമുണ്ടാകുമെന്ന വിചിത്ര വാദമാണ് പി.ആര്‍.ഡി. ഡയറക്ടര്‍ ഉന്നയിക്കുന്നത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി ചെയര്‍മാനായ സി ഡിറ്റില്‍ നടക്കുന്നത് ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണോയെന്ന് പി.ആര്‍.ഡി. ഡയറക്ടര്‍ മറുപടി പറയണം. പി.ആര്‍.ഡി ഡയറക്ടര്‍ പറയുന്നതു പോലെ സിഡിറ്റിന്റെ ഫ്‌ളോറില്‍ തിരക്കാണെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചിത്രാഞ്ജലിയിലേക്കോ, കലാഭവന്‍ തിയറ്ററിലേക്കോ എന്താണ് പരിപാടി മാറ്റാത്തത്.
സി ഡിറ്റിന്റെ പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം.ഡി ആയിട്ടുള്ള പാര്‍ട്ടി ചാനലിന് കൊടുത്തതിനു പിന്നില്‍ ഗൂഢാലോചനയും അഴിമതിയുമുണ്ട്. സി.പി.എം നേതാവ് ടി. എന്‍. സീമയുടെ ഭര്‍ത്താവും പാര്‍ട്ടി മെമ്പറുമായ ജി. ജയരാജാണ് സി ഡിറ്റിന്റെ രജിസ്ട്രാര്‍. അദ്ദേഹം ഈ തസ്തികയില്‍ തുടരുന്നതുതന്നെ ചട്ടങ്ങള്‍ ലംഘിച്ചാണ്. ഈ തസ്തികയില്‍നിന്നു വിരമിച്ചതിനു ശേഷം കെയര്‍ടേക്കറായി രജിസ്ട്രാര്‍ സ്ഥാനത്ത് തുടരുന്ന ജയരാജ്, സി ഡിറ്റിന്റെ നയപരവും ഭരണപരവുമായ കാര്യങ്ങളില്‍ തിടുക്കപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. സി.പി.എമ്മിന്റെ സ്വന്തം കൈരളി ചാനലിന് നാം മുന്നോട്ട് പരിപാടിയുടെ നടത്തിപ്പ് ലഭിക്കാനായി കൈരളിയുടേയും സി ഡിറ്റിന്റേയും ടെന്‍ഡറുകള്‍ ഒരു സ്ഥലത്താണ് നിര്‍മിക്കപ്പെട്ടത്. പരിപാടി കൈരളിക്ക് നല്‍കാനായി സി ഡിറ്റിന്റെ ടെന്‍ഡര്‍ തുക കൈരളിയുടെ ടെന്‍ഡര്‍ തുകയേക്കാള്‍ ബോധപൂര്‍വം കൂട്ടി വച്ചതാണ്..
സംസ്ഥാനത്തെ വില്ലേജ്, പഞ്ചായത്ത് തൊട്ട് സെക്രട്ടേറിയറ്റ് വരെയുള്ള ഓഫീസ് സംവിധാനങ്ങളെ ഇ-ഗവേണൻസിന്റെ ഭാഗമാക്കുന്ന ഇ- ഓഫീസ് എന്ന സോഫ്റ്റ് വെയർ പുതുതായി രൂപകൽപന ചെയ്യാൻ കരാർ ക്ഷണിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ സൗജന്യമായി തയാറാക്കി നൽകിയിട്ടുള്ള സോഫ്റ്റ് വെയർ ഒരു കാരണവും സൂചിപ്പിക്കാതെ ഉപേക്ഷിച്ചു കൊണ്ടാണ് പുതിയ സോഫ്റ്റ് വെയറിനായി ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഇത്രയും ബൃഹത്തായ ഒരു സോഫ്റ്റ് വെയർ ഒരുക്കാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണമെന്നിരിക്കെ സംസ്ഥാന സർക്കാർ ടെൻഡർ സമർപ്പിക്കാൻ നൽകിയിട്ടുള്ളത് ഒരു മാസം മാത്രമാണ്. പാർട്ടിക്ക് വേണ്ടപ്പെട്ട ഏതോ ഒരു വ്യക്തി ഇതിനകം തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയർ വാങ്ങാനുള്ള ധാരണയിലെത്തിയ ശേഷം ഔപചാരികതയ്ക്ക് വേണ്ടി ടെൻഡർ ക്ഷണിക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്. പൊതുഖജനാവിലെ പണം കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട എല്ലാ ചട്ടങ്ങളും സുതാര്യതയും കാറ്റിൽ പറത്തിക്കൊണ്ട് നഗ്നമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നത് വ്യക്തമാണ്.
നാം മുന്നോട്ട് പരിപാടി കൈരളി ചാനലിന് ലഭിച്ചതിനു പിന്നിലെ അഴിമതിയും ഗൂഢാലോചനയും സി ഡിറ്റിന്റെ പ്രോജക്ടുകള്‍ പുറംകരാര്‍ കൊടുക്കുന്നതിനു പിന്നിലെ വന്‍ അഴിമതിയും വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി കൊടുക്കും. നാം മുന്നോട്ട് പരിപാടിയുടെ ചുമതല സി ഡിറ്റിനു തിരിച്ചു നല്‍കാനും ഉടന്‍ തീരുമാനമെടുക്കണമെന്നും വി.മുരളീധരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Post Your Comments