യു എ ഇ ഡ്രൈവിങ് പരിശീലനത്തിന് ഇന്ത്യയിലും സൗകര്യം വരുന്നു. കേരളത്തിലടക്കം യു എ ഇ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നാഷനല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും എമിറ്റേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ ധാരണയിലെത്തി. ഈ കേന്ദ്രങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ യു എ ഇയിലെത്തിയാല്‍ ലൈസന്‍സ് നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. യു എ ഇയില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ സമയവും പണവും ലാഭിക്കാനാണ് പദ്ധതി.
യു എ ഇ നിലവാരത്തില്‍ ഇന്ത്യയില്‍ ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന് പ്രവാസികള്‍ ഏറെയുള്ള കേരളം, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ 20 തോളം ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കും. ഇവിടെ നിന്ന് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി യു എ ഇയിലെത്തുന്നവര്‍ക്ക് ഹ്രസ്വകാല പരിശീലനത്തിന് പിന്നാലെ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം. യു എ ഇ നിരത്തുകളില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ് വാഹനങ്ങളാണ് ഉപയോഗിക്കുന്നത് ഇന്ത്യയിലെ പരിശീലനത്തിന് ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമെ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളില്‍ യു എ ഇയിലേതിന് സമാനമായ റോഡുകള്‍ കൂടി സൃഷ്ടിച്ചായിരിക്കും പരിശീലനം നല്‍കുക.
യു എ ഇയിലെ യൂത്ത് ചേംബര്‍ ഓഫ് കോമേഴ്‌സ് കൂടി പദ്ധതിയുടെ ഭാഗമാകും. എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിശീലന കേന്ദ്രങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കും. ജൂലൈയില്‍ ആദ്യ ബാച്ചിനെ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എക്‌സ്‌പോ 2020 യുടെ ഭാഗമായുണ്ടാകുന്ന ഡ്രൈവിങ് ജോലി ഒഴിവുകളിലേക്ക് ആളെ കണ്ടെത്താന്‍ കൂടിയാണ് പദ്ധതി.
Post Your Comments