കാസര്‍കോട്: പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിന്‍മേല്‍ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ബേക്കലില്‍ യുഡിഎഫ് അനുഭാവികളായ 33 പൊലീസുദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന ആരോപണത്തിലാണ് എഎസ്‌ഐ റാങ്കിലുള്ള റൈറ്റര്‍ ശശി, സിപിഒ സുരേഷ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സിപിഒയായ സുരേഷ് പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗമാണ്. 44 പൊലീസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേര്‍ക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ എന്ന പരാതിയിലാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 33 പൊലീസുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇ-മെയിലായാണ് പരാതി നല്‍കിയത്. എല്ലാ പോസ്റ്റല്‍ ബാലറ്റുകളും നല്‍കിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ പറയുന്നത്.
അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. മെയ് 12-നാണ് പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയത്. 16-നാണ് അപേക്ഷ പോസ്റ്റ് ഓഫീസില്‍ എത്തിയത്. പക്ഷേ, 24-ന് മാത്രമേ കളക്ടറേറ്റിലെ സെക്ഷനില്‍ അപേക്ഷ എത്തിയുള്ളൂ. അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. ഇത് പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി നടത്തിയത് അന്വേഷിക്കുന്ന അതേ ക്രൈംബ്രാഞ്ച് സംഘം തന്നെയാണ് ഈ കേസിന്റെ അന്വേഷണവും നടത്തുന്നത്.
Post Your Comments