ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്ന് പോയത് കൊണ്ടാകാം ജപ്തി ഭീഷണിയിൽ ജീവനൊടുക്കിയ സഹോദരിയുടേയും അമ്മയുടെയും മുഖം വല്ലാത്ത ദുഃഖമാണ് നൽകുന്നതെന്ന ജിഷ്ണു ആലുവയുടെ പോസ്റ്റ് വൈറലാവുന്നു.
സൊസൈറ്റിയിൽ നിന്ന് വന്ന ജപ്തി നോട്ടീസ് കണ്ടുകൊണ്ടാണ് പ്ലസ് ടു പരീക്ഷ എഴുതാൻ പോയത്.
വീടുപണിക്കായി ലോണെടുത്ത തുക അച്ഛന് തിരിച്ചടക്കാൻ സാധിക്കാതെ വന്നതാണ് ജപ്തിക്ക് കാരണമായത്. പക്ഷെ അന്ന് വീടുപണി പകുതിപോലും തീർന്നിരുന്നില്ല. എന്നാലും ലോൺ തുക തിരിച്ച് നൽകിയില്ലെകിൽ വീട്ടിൽ നിന്നും ഇറങ്ങേണ്ട സാഹചര്യമായിരുന്നു.
അന്ന് എന്തിനും കൂടെയുള്ള സംഘ കാര്യകർത്താവ് ജപ്തിയിൽ നിന്നും ഒഴിവാവാനുള്ള തുക കടമായി നൽകി സഹായിച്ചു.
പ്ലസ് ടുവിലെ അവസാന പരീക്ഷ മാർച്ച് 24 ന് പൂർത്തിയായി സ്കൂളുവിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ആകെയൊരു ലക്ഷ്യം എങ്ങനെയെങ്കിലും ഒരു ജോലി കണ്ടെത്തണം എന്നായിരുന്നു. സ്കൂളിൽ നിന്നും ട്രൈനിങ്ങിന് പോയ സ്ഥാപനത്തിൽ ബിയോഡേറ്റ കൊടുത്തു.
17 വയസുള്ള പയ്യനെ ജോലിക്കെടുക്കാനുള്ള ധൈര്യം ആലുവയിലെ പെരിയാർ TVS എന്ന സ്ഥാപനം കാണിച്ചു. അവധിക്കാലം ചിലവഴിക്കാൻ നിൽക്കാതെ പഠിച്ചിറങ്ങി നാലാം നാൾ മാർച്ച് 28 ന് ജോലിയിൽ പ്രവേശിച്ചു.
അങ്ങനെ 4500 രൂപ ശമ്പളത്തിൽ ആദ്യത്തെ ജോലി. സ്കൂളിലെ യൂണീഫോം പാന്റായിരുന്നു ദിവസവും ജോലിക്ക് പോകുമ്പോൾ ഇട്ടിരുന്നത്. ഡ്രസ്സ് വാങ്ങാൻ പോലും കാശില്ലായിരുന്നു അന്നൊക്കെ.
ശബളം കിട്ടിതുടങ്ങിയപ്പോൾ ലോൺ സ്വന്തമായി അടക്കാമെന്നുള്ള ആത്മവിശ്വാസമായി. കൂട്ടത്തിൽ ചേട്ടനും ഒരു ജോലിയായപ്പോൾ ആത്മവിശ്വാസം ഇരട്ടിയായി.
തിരിച്ചെടുത്ത ആധാരം പണയപ്പെടുത്തി സഹായിച്ച കാര്യകർത്താവിനോടുള്ള കടം വീട്ടി. ബാക്കി തുകക്ക് വീട്ടിലെ അത്യാവശ്യം പണികൾ കഴിച്ച് ചെറിയ വീട്ടിൽ താമസം തുടങ്ങി. കിട്ടുന്ന 4500 രൂപയിൽ 4000 രൂപ ലോണടക്കും ബാക്കി 500 രൂപ വണ്ടിക്കൂലിനൽകും. ലോണിലേക്ക് വേണ്ടിവരുന്ന ബാക്കിതുക ചേട്ടനടക്കും. എല്ലാമാസവും പതിനഞ്ചാം തീയതി കിട്ടുന്ന സെയിൽസ് ഇൻസന്റീവാണ് ജീവിത ചെലവുകളുടെ പ്രതീക്ഷ…
അങ്ങനെ മാസങ്ങൾ മുന്നോട്ട് പോയി ജോലിസ്ഥലത്ത് കഴിവുകൾ തെളിയിക്കാനായതിനാൽ ശമ്പളത്തിൽ മുറപോലെ വർധനവുണ്ടായി. എന്നിട്ടും പിടിച്ച് നിലക്കാനാവാതെ വന്നപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട ജോലികൾ തേടി…
പഠനം തുടരണമെന്ന് ആഗ്രഹം തോന്നിയപ്പോൾ ഡിസ്റ്റന്റായി എം.ജി യൂണിവേഴ്സിറ്റിയിൽ ബി.കോമിന് ഡിസ്റ്റന്റായി ചേർന്നു. പഠനവും ജോലിയും ഒരേസമയം മുന്നോട്ട് കൊണ്ടുപോയി.
ലോണിന് കുറവൊന്നും ഇല്ലെങ്കിലും ഇന്ന് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. വീടും ബൈക്കും കാറുമെല്ലാം സ്വപ്നം കാണാൻ മാത്രമല്ല വിധിച്ചിട്ടുള്ളതെന്ന് മനസിലുറപ്പിച്ചു. അധ്വാനംകൊണ്ട് സ്വന്തമാക്കാനായി പ്രയക്നിച്ചു. സ്വപ്‌നങ്ങൾ ഓരോന്നായി ഞാനും ചേട്ടനും സഫലീകരിച്ചു…
പ്രതീക്ഷകൾ അസ്തമിച്ചിടത്ത് നിന്ന് തുടങ്ങിയ ജീവിതമാണ്. നമ്മൾ തോറ്റുകൊടുത്താൽ ഓരോ മിനിറ്റിലും വലിയ പരാജയങ്ങൾ നമ്മൾ ഏറ്റുവാങ്ങേണ്ടിവരും. ജീവിതത്തോട് പോരാടാൻ തയ്യാറായാൽ ദൈവം കട്ടക്ക് കൂടെനിൽക്കും. നമ്മൾ ചെയ്യേണ്ട കർത്തവ്യങ്ങൾ കരുത്തോടെ ചെയ്യുക. കർമ്മഫലത്തിൽ വിശ്വസിക്കുക…
പ്രയത്നിച്ചാൽ ഏത് സാഹചര്യത്തെയും നമുക്ക് തരണം ചെയ്യാൻ സാധിക്കും.
ജപ്തിയും ലോണും കണ്ടൊന്നും ആരും തളരരുത്. അതൊക്കെ നമ്മളെ വാശിയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി കാണുക.
മരണപ്പെട്ട അമ്മയ്ക്കും സോദരിക്കും ആദരാഞ്ജലികൾ…
ജിഷ്ണു ആലുവ
Post Your Comments