ഉണ്ണി മാക്സ്
സംസ്ഥാനത്ത് വ്യാജമരുന്ന് വില്‍പ്പന വ്യാപകമായി നടക്കുന്നു : ആരും അത്രയധികം പ്രാധാന്യം കൊടുക്കാത്ത ഒരു വാര്‍ത്ത, ചില മാധ്യമങ്ങളില്‍ വീണ്ടും കാണുന്നു. കുറെക്കാലമായി ഇവിടെ നടക്കുന്ന ഒരു യാഥാർഥ്യമായിരിക്കാണത്! ഇത്തരം തട്ടിപ്പുകള്‍ നാടൊട്ടുക്കും ഉണ്ടെന്നതാണ് വസ്തുത, നമ്മളില്‍ പലരും ചിലപ്പോഴെങ്കിലും അതില്‍ വീണു പോയിട്ടുണ്ടെന്നതും സത്യമാണ്. എളുപ്പവഴിയില്‍ പണമുണ്ടാക്കുന്നത് മലയാളികള്‍ക്ക് പണ്ടേ ഇഷ്ടമുള്ള കാര്യമാണ്. ആട് മാഞ്ചിയം മുതല്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ അടക്കം ആയിരക്കണക്കിനു തട്ടിപ്പുകള്‍ക്ക് നാം സാക്ഷിയായതാണെങ്കിലും ഇപ്പോഴും അത്തരം ചതികളില്‍ വീഴുന്നവരുടെ എണ്ണം കുറവല്ല. സമാനമാണ് എളുപ്പവഴിയില്‍ രോഗം മാറ്റുന്നതും. അത്ഭുത മരുന്ന്, ഒറ്റമൂലികള്‍ എന്നൊക്കെ കേട്ടാല്‍ നമുക്ക് ഇപ്പോഴും വിശ്വാസമാണ്. ആ വിശ്വാസത്തെയും മോഹത്തെയുമൊക്കെ വിദഗ്ധമായി ചൂഷണം ചെയ്യുന്ന നിരവധി തട്ടിപ്പുസംഘങ്ങള്‍ പലതരത്തിലുള്ള വ്യാജ ഔഷധങ്ങളുമായി കേരളത്തില്‍ സജീവമാണ്.
അവയവ വളര്‍ച്ചക്കും ലൈംഗികശേഷിക്കുറവിനുമൊക്കെ അതിവേഗ പരിഹാരം റെഡി. ലിംഗത്തിലോ സ്തനത്തിലോ പുരട്ടാനുള്ള ഓയിന്‍റ്‌മെന്‍റിന് ആയിരവും രണ്ടായിരവുമൊക്കെയാണ് തട്ടിപ്പുസംഘങ്ങള്‍ ഉപഭോക്‌താക്കളില്‍ നിന്നും ഈടാക്കുന്നത്. രഹസ്യമായി സാധനം എത്തിക്കും. സംഗതി തട്ടിപ്പാണെന്ന് മനസ്സിലാക്കിയാലും ആരും പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറാകാറില്ല. കിംഗ്‌കോബ്ര, ബ്രസ്‌റ്റ് കോപ്, പേഴ്‌സണല്‍ ഫാഷന്‍ തുടങ്ങി വിവിധ മാദക പേരുകളിലാണ് ഈ വ്യാജ ഉല്‍പന്നങ്ങള്‍ സംസ്‌ഥാനത്തുടനീളം വിറ്റഴിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള അഡ്രസ്സിലെ വ്യാജ ലൈസന്‍സ് ഉപയോഗിച്ചാണു നിര്‍മ്മാണം. വിതരണം ചെയ്യാന്‍ നിരവധി എജന്റുമാരുള്ള വിപുലമായ ശൃംഖല വേറേ. അതിലൊരു കണ്ണിയായ കോട്ടയം സ്വദേശിയെ ആലുവയിലെ ഒരു ലോഡ്‌ജില്‍ നിന്ന് നേരത്തെ പൊലീസ് പിടികൂടിയിരുന്നതായി വാർത്തകൾ വന്നിരുന്നു. പിടിച്ചെടുത്ത മരുന്നുകള്‍ കാക്കനാട് മെഡിക്കല്‍ ലബോറട്ടറിയിലാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്, സമയമെടുക്കുന്ന സംഗതിയാണത്. റിസള്‍ട്ട് വരുമ്പോഴേക്കും പുതിയ ലേബലില്‍ ഔഷധം പിന്നെയും എത്തിയിരിക്കും.
ജീവിത ശൈലീ രോഗങ്ങള്‍ തുടങ്ങി ക്യാന്‍സറിനു വരെ ഉള്ള തട്ടിപ്പ് മരുന്നുകള്‍ ഉണ്ട്. ഇതിനാണ് ഏറെ പ്രചാരവും. സർവരോഗ സംഹാരിയായ ഒറ്റമൂലികൾ മുതല്‍ മദ്യപാനം നിര്‍ത്താന്‍, പൊക്കക്കുറവ്, വണ്ണക്കുറവ്, കഷണ്ടി… ലിസ്റ്റ് ഇനിയും നീളുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന അപകടരമായ സ്റ്റിറോയിഡുകളാണ് ഇത്തരം പല മരുന്നുകളിലും ചേർക്കുന്നത്. കഴിക്കുമ്പോള്‍ ചിലപ്പോള്‍ ഒരു മാറ്റവും ഒക്കെ തോന്നിയേക്കാം. മരുന്ന് എന്ന പേരിലാണ് വിൽപ്പനയെങ്കിലും ലൈസൻസിന്റെ ഒരു വിവരങ്ങളും ലഭ്യമായിരിക്കില്ല. പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ, ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കും എന്നൊന്നും യാതൊരു വിവരങ്ങളും ലഭ്യമല്ല. ക്രിമിനല്‍ കുറ്റമാണെങ്കിലും പലപ്പോഴും അധികൃതര്‍ പ്രശ്നത്തെ നിസാരവല്‍ക്കരിക്കാറാണ് പതിവ്. ആട് മാഞ്ചിയതില്‍ ആള്‍ക്കാര്‍ക്ക് ധനനഷ്ടം മാത്രമാണെങ്കില്‍ ഇവിടെ ആരോഗ്യവും കൂടെയാണ് നഷ്ടമാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്ത ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമം ഏറ്റവും ഫലപ്രദമായി നടപ്പാക്കേണ്ടത് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം മരുന്നുകള്‍ ചിലവാകുന്ന കേരളത്തില്‍ തന്നെയാണ്.
ഇതിനെയെങ്ങനെ പൂർണമായും തുടച്ചു നീക്കാം എന്നത് ചിന്തിക്കേണ്ടത് സർക്കാരുകളാണ്. പക്ഷെ ഒരുപരിധിവരെ ഇവരെയൊക്കെ വളർത്തുന്നത് എങ്ങനെയും അസുഖം മാറണമെന്ന ആഗ്രഹവുമായി നടക്കുന്ന നമ്മളൊക്കെ തന്നെ. വൈദ്യത്തെ കുറിച്ച് നന്നായി അറിയുന്ന മികച്ച രീതിയിൽ ചികിത്സ നൽകുന്ന വൈദ്യന്മാർ ഉണ്ട് എന്നത് മറക്കുന്നില്ല പക്ഷെ അത്തരക്കാർക്ക് കൂടി ചീത്തപ്പേരാണ് ഇവരെപ്പോലെ ഉള്ളവർ ഉണ്ടാക്കുക. പത്രപ്പരസ്യങ്ങളിലോ വഴിയിൽ ഒട്ടിച്ചു വച്ച നോട്ടീസ് പരസ്യങ്ങളിലോ കണ്ട് ആകൃഷ്ടരാകാതെയിരിക്കുക എന്നതാണ് ചെയാനുള്ള ആദ്യത്തെ കാര്യം. ഇത്തരക്കാർക്കെതിരെ പരാതി കൊടുക്കാൻ ആളുകൾ നാണക്കേടോർത്ത് മടിക്കുന്നതുകൊണ്ടു തന്നെ ഇവർ വീണ്ടും തഴച്ചു വളരുന്നു. ഒരു അനുഭവമുണ്ടായാൽ തീർച്ചയായും അവർക്കെതിരെ നിയമപരമായി നീങ്ങുക തന്നെ വേണം. പലർക്കും ലൈസൻസ് പോലും ഉണ്ടാവില്ല, അതുകൊണ്ടു തന്നെ നിയമപരമായി ഇവർക്കെതിരെ നടപടികളുണ്ടാകാനുള്ള സാധ്യതകളും തുലോം കുറവാണ്. ശ്രദ്ധിക്കേണ്ടത് പ്രബുദ്ധരായ നമ്മൾ തന്നെ! പറ്റിക്കപ്പെടാനായി നമ്മൾ നമ്മളെ വിട്ടു കൊടുക്കാതെയിരിക്കുക!
Post Your Comments