
വിവാഹമായാല്‍ കുറഞ്ഞത് രണ്ടു കാര്യങ്ങളെങ്കിലും വേണം, ഒരു വരനും വധുവും. എന്നാല്‍ വധുവില്ലാതെയും വിവാഹം നടത്താമെന്നു തെളിയിച്ചിരിക്കുകയാണ് ഗുജറാത്തിലെ ഒരു കുടുംബം. അജയ് ബറോട്ട് എന്ന ഇരുപത്തേഴുകാരന്റെ വിവാഹമാണ് വധുവില്ലാതെ നടന്നത്. ജന്മനാ കേള്‍വി വൈകല്യം ഉള്ളയാളാണ് അജയ്. അതുകൊണ്ടു തന്നെ ഏറെ തിരഞ്ഞിട്ടും മകന് പറ്റിയ പെണ്‍കുട്ടിയെ കണ്ടെത്താന്‍ അജയുടെ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. എന്നാല്‍ ഇത് കൊണ്ട് മകന്റെ വിവാഹം നടത്താതിരിക്കാന്‍ ഒരുക്കമല്ലായിരുന്നു ആ മാതാപിതാക്കള്‍. സാധാരണ ഒരു വിവാഹത്തിന് വേണ്ട എല്ലാ ആഘോഷങ്ങളും അവര്‍ മകന്റെ വിവാഹത്തിന് വേണ്ടി ഒരുക്കി. ക്ഷണക്കത്തുകള്‍ തയ്യാറാക്കി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിതരണം ചെയ്തു. വിവാഹ തലേന്ന് രാത്രി മെഹന്ദി ആഘോഷവും സംഗീത പരിപാടിയും നടത്തി. മകനെ സ്വര്‍ണ നിറമുള്ള ഷെര്‍വാണിയും തലപ്പാവും ധരിപ്പിച്ച് സുന്ദരനാക്കിയാണ് വിവാഹ ദിവസം ഒരുക്കിയത്. തുടര്‍ന്നു വരനെ കുതിരപ്പുറത്തിരുത്തി വിവാഹ ചടങ്ങുകള്‍ നടത്തി. പരമ്പരാഗത ഗുജറാത്തി സംഗീത,വാദ്യ മേളങ്ങളോടെ വിവാഹത്തില്‍ പങ്കെടുത്ത ഇരുന്നൂറോളം അതിഥികള്‍ ചേര്‍ന്ന് ചടങ്ങു ആഘോഷമാക്കി മാറ്റി. ഗുജറാത്തിലെ ഒരു ബസ് കണ്ടക്ടറുടെ നാല് മക്കളില്‍ മൂത്തവനാണ് അജയ്. നേരത്തെ വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള സ്പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ത്തിരുന്നെങ്കിലും അവിടെ നിന്നും ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു.
Post Your Comments