കോഴിക്കോട്: കോഴിക്കോട് മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ്അധ്യാപകര്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു. ഹയര്‍ സെക്കന്‍ഡറി ജോ. ഡയറക്ടര്‍ ഡോ. എസ്.എസ് വിവേകാനന്ദന്‍, ഡിഡിആര്‍ ഗോകുലകൃഷ്ണന്‍, സൂപ്രണ്ട് അപര്‍ണ്ണ എന്നിവര്‍ സ്‌കൂളില്‍ നേരിട്ടെത്തിയാണ് വിദ്യാര്‍ഥികളുടെ മൊഴിയെടുത്തത്.
രാവിലെ ഒമ്പതരയ്ക്കാണ് മൊഴി എടുക്കല്‍ ആരംഭിച്ചത്. മൂന്നു വിദ്യാര്‍ത്ഥികളുടെ മൊഴിയാണ് എടുത്തത്. ഇവരുടെ ഫലം വകുപ്പ് തടഞ്ഞു വച്ചിരുന്നു. എന്നാല്‍ അധ്യാപകന്‍ പരീക്ഷ എഴുതിയത് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഇവരുടെ മൊഴി.
സംഭവത്തില്‍ അധ്യാപകന്‍ ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് പേര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി വകുപ്പ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരീക്ഷ ചീഫ് സൂപ്രണ്ടനും നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ. റസിയ, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ്, ചേന്നമംഗലൂര്‍ സ്‌കൂളിലെ അധ്യാപകനും പരീക്ഷാ ഡെപ്യൂട്ടി ചീഫുമായ പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതികളിലായി ഐപിസി 419, 420, 465, 468 എന്നീ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ ചുമത്തിയത്. അതേസമയം സംഭവത്തില്‍ നീലേശ്വരം സ്‌കൂളിലെ അധ്യാപകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
Post Your Comments