തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മേളപ്രമാണി പെരുവനം കുട്ടന്‍ മാരാര്‍ മേളത്തിനിടയില്‍ കുഴഞ്ഞുവീണതോടെ ഏവരും ഒന്ന് അമ്പരന്നു. എന്നാല്‍ മേളപ്രേമികളുടെ മനസറിയുന്ന ഇലഞ്ഞിത്തറ മേള പ്രമാണിയായ വിദ്വാന്‍ ആശുപത്രിയില്‍ നിന്നും ഓടിയെത്തുകയായിരുന്നു. ആശുപത്രിയിലെ കാഷ്വാലിറ്റി ഐസിയുവില്‍ കിടന്ന് പെരുവനം പറഞ്ഞതിങ്ങനെ, ‘കുഴപ്പമൊന്നുമില്ലെടോ, ഇപ്പോ ഇറങ്ങും ഇലഞ്ഞിത്തറേലുണ്ടാവും..ഇതു വല്യ സംഭവാക്കണ്ട’എന്ന്. നിരാശയോടെയാണ് നായകനെക്കൂടാതെ മേളക്കാര്‍ നാലുപാടും വേലിക്കെട്ടുകള്‍ തീര്‍ത്ത ഇലഞ്ഞിത്തറയില്‍ വന്നു നിരന്നത്. പക്ഷേ വൈകിയില്ല. പനിയുടെ അസ്വാസ്ഥ്യം കാരണം ആശുപത്രിയില്‍ ചികില്‍സ തേടിയ പെരുവനം കുട്ടന്‍ മാരാര്‍ മേളത്തറയിലെത്തി. സാരഥ്യവും ഏറ്റെടുത്തു. തിങ്ങിനിറഞ്ഞ ആരാധകര്‍ക്കും അതൊരു ആശ്വാസമായിരുന്നു. പിന്നെ പതിവുശൈലിയില്‍ കൊട്ടിക്കയറ്റം.
പാറമേക്കാവ് ഇറക്കിയെഴുന്നള്ളിപ്പിന് പ്രമാണിത്തം വഹിക്കുമ്പോഴാണ് കുട്ടന്‍മാരാര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചെണ്ട നിലത്തുവച്ചു പിന്നോട്ടൊന്നായുകയായിരുന്നു. മകന്‍ അപ്പുവടക്കം ചുറ്റുമുള്ളവര്‍ താങ്ങി. മേളം തിരമുറിയാതെ കുട്ടന്‍മാരാരുടെ ഇടം, വലം കൈകളായ കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശന്‍മാരാരും മുന്നോട്ടുകൊണ്ടുപോയി. ആശുപത്രിയിലെത്തിയ അദ്ദേഹം ചെറിയ കുട്ടികളെ പോലെ വാശിപിടിച്ചു. ‘കഴിഞ്ഞദിവസം വരെ നല്ല പനിയുണ്ടായിരുന്നു, അതിന്റെയൊരു ക്ഷീണമാണെന്നേ..അത്രേയുള്ളൂ… പോകാം.. പോകാമെന്ന് വാശിയായി. അതോടെ കുട്ടന്‍മാരാരുടെ മകന്‍ അപ്പുവും മന്ത്രി വി.എസ്. സുനില്‍കുമാറും അദ്ദേഹത്തെ മന്ത്രിയുടെ കാറില്‍ പൂര നഗരിയിലെത്തിച്ചു. ഇലഞ്ഞിത്തറയുടെ സമീപത്ത് ആംബുലന്‍സും കാര്‍ഡിയോളജിസ്റ്റ് അടക്കമുള്ള ഡോക്ടര്‍മാരും അദ്ദേഹത്തിന് കാവലായി നിന്നു. എന്നാല്‍ പിന്നീട് അസുഖത്തെ മറന്ന് മേളത്തിലേക്ക് ലയിക്കുന്ന കുട്ടന്‍മാരാരെയാണ് കാണാന്‍ സാധിച്ചത്.
Post Your Comments