Latest NewsKerala

കൈരളി ചാനലിനെ സര്‍ക്കാരിന്റെ ഉപസ്ഥാപനമാക്കുന്നു- വി.മുരളീധരന്‍ എം.പി

തിരുവനന്തപുരം•മുഖ്യമന്ത്രിയുടെ ഔദ്യോഗിക ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ട് എന്ന പരിപാടിയുടെ നിര്‍മാണം സി.പി.എമ്മിന്റെ സ്വന്തം ചാനലായ കൈരളി ചനലിന് കൈമാറി സംസ്ഥാന സര്‍ക്കാരിനെ പിണറായി വിജയന്‍ പാര്‍ട്ടിയുടെ ഉപസ്ഥാപനമാക്കി മാറ്റുകയായാണെന്ന് വി.മുരളീധരന്‍ എം.പി.

പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച്, ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രൊഡ്യൂസറായാണ് നാം മുന്നോട്ട് എന്ന പരിപാടി സി ഡിറ്റിന്റെ സഹായത്തോടെ തയാറാക്കുന്നത്. ഇതിന്റെ നിര്‍മാണത്തിനു പിന്നില്‍ പി.ആര്‍.ഡി വകുപ്പും അതിന്റെ സംവിധാനങ്ങളുമാണ് പ്രയോജനപ്പെടുത്തുന്നത്. രഹസ്യസ്വഭാവമുള്ള രേഖകള്‍പോലും പരിപാടിയുടെ ഭാഗമായി പരിശോധിക്കേണ്ടിവരും. കൈരളി ചാനലിന് ഈ പരിപാടി കൈമാറുന്നതിലൂടെ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ഉപയോഗിക്കുന്നതിന് അവര്‍ക്ക് അവസരമൊരുക്കുയാണ് ചെയ്യുന്നത്.

വി.എസ്.അച്യുതാനന്ദും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോഴും സുതാര്യകേരളം എന്ന പേരില്‍ നടത്തിയിരുന്ന ഈ പരിപാടി പിണറായി സര്‍ക്കാരാണ് കൂടുതല്‍ വിപുലമാക്കി നാം മുന്നോട്ട് എന്ന പേരിലാക്കിയത്. പി.ആര്‍.ഡി പ്രൊഡക്ഷനും സി ഡിറ്റ് സാങ്കേതിക സഹായവും നല്‍കിയിരുന്ന പരിപാടി അന്ന് ദൂരര്‍ശനിലാണ് സംപ്രേക്ഷണം ചെയ്തിരുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സുതാര്യ കേരളം പരിപാടി 70 എപ്പിസോഡിലേറെ പിന്നിട്ടപ്പോഴാണ് നിര്‍മാണച്ചുമതല പാര്‍ട്ടി ചാനലിന് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ പാര്‍ട്ടി ചാനലിനുവേണ്ടി ദുരുപയോഗം ചെയ്യുക മാത്രമല്ല, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുകയറാനുള്ള അവസരംകൂടി ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ തീരുമാനം പുതിയ കീഴ്‌വഴക്കമാകും സൃഷ്ടിക്കാന്‍ പോകുന്നത്. മുഖ്യമന്ത്രിയുടെ പരിപാടിയുടെ നിര്‍മാണ ചുമതല ഇടതു മുന്നണിയുടെ കാലത്ത് കൈരളി ചാനലിന് നല്‍കിയതിനാല്‍ ഇനി യു.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ അത് ജയ്ഹിന്ദ് ചാനലിനായിരിക്കും നല്‍കുക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനും അഴിമതി നടത്തുന്നതിനുമുള്ള പുതിയ വഴിയാണ് പുതിയ തീരുമാനത്തിലൂടെ പിണറായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.

നാം മുന്നോട്ട് പരിപാടിയുടെ നിര്‍മാണത്തിനായി പി.ആര്‍.ഡി ഡിസംബറില്‍തന്നെ ടെണ്ടര്‍ ക്ഷണിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പു കഴിയുന്നതു വരെ തീരുമാനത്തിനായി വൈകിപ്പിച്ചു. ഇത് ബോധപൂര്‍വമായ നീക്കമായിരുന്നു. മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ പരിപാടി പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചു മാത്രമേ നടത്താനാകൂ എന്നിരിക്കേ ഇത് പാര്‍ട്ടി ചാനലിന് കൈമാറിയതിനു പിന്നില്‍ ഗൂലോചനയും സി.പി.എമ്മിന്റെ സ്ഥാപിത താല്‍പര്യവുമാണുള്ളത്. സര്‍ക്കാരിനെ എ.കെ.ജി സെന്ററിലേക്കു മാത്രമല്ല കൈരളി ചാനലിലേക്കും പറിച്ചുനടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. പി.ആര്‍.ഡിയേയും സി ഡിറ്റിനേയും നോക്കുകുത്തിയാക്കി സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ദുരുപയോഗം ചെയ്യാനായി കൈരളി ചാനലിന് അവസരമൊരുക്കുന്ന ഈ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button