രാജാക്കാട്• ചിന്നക്കനാലില്‍ ബധിരനും മൂകനുമായ ആദിവാസിയെ കാട്ടാനകള്‍ ചവിട്ടി കൊലപ്പെടുത്തി. ആദിവാസി കുടിയിലെ താമസക്കാരനായ എസ്.കൃഷ്ണനാണ് (45) മരിച്ചത്. ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ കൃഷിയിടത്തില്‍ നടുകയായിരുന്ന കൃഷ്ണനെ പിന്നിലൂടെയെത്തിയ കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. കേള്‍വിശക്തി ഇല്ലാത്തതിനാല്‍ ആനകള്‍ എത്തിയത് കൃഷ്ണന് അറിഞ്ഞില്ല. തലയ്ക്ക് ചവിട്ടേറ്റ കൃഷ്ണന് തല്‍ക്ഷണം മരിക്കുകയായിരുന്നു.
ചക്കകൊമ്പന്‍, അരിക്കൊമ്പന് എന്നിങ്ങനെ നാട്ടുകാര്‍ വിളിക്കുന്ന രണ്ട് ആനകളാണ് ആക്രമണം നടത്തിയത്. ചവിട്ടേറ്റ് തല തകര്‍ന്ന നിലയിലാണ്. കൊലയ്ക്ക് ശേഷമുള്ള ആനകളുടെ ചിന്നംവിളി കേട്ട് കുടിയിലെ മറ്റുള്ളവര്‍ എത്തിയപ്പോഴാണ് കൃഷ്ണന് ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞത്. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്നും ആനകള്‍ മാറതെ നിന്നതിനാല്‍ ആളുകള്‍ക്ക് കൃഷ്ണന്റെ അടുത്തേയ്ക്ക് ചെല്ലാനായില്ല.
ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നാലരയോടെയാണ് ആനകളെ കാട്ടിലേയ്ക്ക് തുരത്താനായത്. ശാന്തന്‍പാറ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. അവിവാഹിതനാണ്. പിതാവ് ശിവനാണ്ടി. മാതാവ് ലക്ഷ്മി. സഹോദരങ്ങള്‍: പളനി, ചൊക്കന്, സരസ്വതി, പൊന്നുമാല, രേവതി, മേനക.
Post Your Comments