ഷാര്‍ജ : വീസാ ഏജന്റിന്റെ ചതിയില്‍പ്പെട്ട് താമസ സൗകര്യമോ ഭക്ഷണമോ ഇല്ലാതെ കുടുസുമുറിയില്‍ ജീവിതം തള്ളി നീക്കി മലയാളി യുവാക്കള്‍. തൊഴില്‍ത്തട്ടിപ്പില്‍ പെട്ട് റിക്രൂട്ടിങ് ഏജന്റിന്റെ ചതിയില്‍പ്പെട്ട് വഴിയാധാരമായ മലയാളികളടക്കമുള്ള 14 പേരെയാണ് സാമൂഹിക പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശി വിമല്‍ രാജ്, ആര്‍ത്തുങ്കല്‍ സ്വദേശി ജോണ്‍സണ്‍, ഹരിപ്പാട് സ്വദേശി രോഹിത് പണിക്കര്‍, അമ്പലപ്പുഴ സ്വദേശി സി.ചെമ്പു, കെ.ധനീഷ്, കൊല്ലം സ്വദേശി മുഹമ്മദ് ജൗഫര്‍, ചേര്‍ത്തല സ്വദേശി ആല്‍വിന്‍ ആന്റണി, വിജിത് ശശിധരന്‍ തുടങ്ങിയ മലയാളികളാണ് ഷാര്‍ജ റോളയിലെ കുടുസ്സുമുറിയില്‍ ഭക്ഷണം പോലും ലഭിക്കാതെ കഴിയുന്നത്.
ഈ വര്‍ഷം ഫെബ്രുവരി ഏഴിനും 17നുമിടയ്ക്കാണ് വ്യാജ റിക്രൂട്ടിങ് ഏജന്റിന്റെ വാക്കുകള്‍ വിശ്വസിച്ച് ഇവര്‍ യുഎഇയിലെത്തിയത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ റിക്രൂട്ടിങ് ഏജന്‍സിക്ക് 60,000 മുതല്‍ 65,000 രൂപ വരെ നല്‍കി സന്ദര്‍ശക വീസയിലാണെത്തിയത്. എന്നാല്‍, ദുബായിലെ ഒരു മാളില്‍ പ്രതിമാസം 2200 ദിര്‍ഹം ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്തിരുന്നു. ഷാര്‍ജ റോളയിലെ നിന്നു തിരിയാന്‍ ഇടമില്ലാത്ത മുറിയിലെത്തിച്ചപ്പോള്‍ അവിടെ 25 ലേറെ പേര്‍ താമസിക്കുന്നുണ്ടായിരുന്നു. ഏജന്റ് നിര്‍ദേശിച്ചിരുന്ന പോലെ അഞ്ച് ദിവസത്തേയ്ക്കുള്ള ഭക്ഷണത്തിനുള്ള പണം കൈയില്‍ കരുതിയിരുന്നതിനാല്‍ ആദ്യം ബുദ്ധിമുട്ടനുഭവപ്പെട്ടില്ലെന്ന് വിമല്‍ രാജ് പറയുന്നു.
പക്ഷേ, പിന്നീട് കൈയില്‍ കാശ് തീരുകയും വാഗ്ദാനം ചെയ്തിരുന്ന ജോലി ലഭിക്കാതിരിക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലായി. പല ദിവസങ്ങളും പട്ടിണിയിലായിരുന്നു. ഇടയ്ക്ക് കേരളത്തിലെ ഏജന്റിന്റെ ഇവിടുത്തെ പ്രതിനിധി എത്തി ഉടന്‍ ജോലി ശരിയാകുമെന്നും തയാറായിക്കൊള്ളൂ എന്നും പറഞ്ഞു പോയി. തമിഴ്‌നാട്, മുംബൈ സ്വദേശികളാണ് റിക്രൂട്ടിങ് ഏജന്‍സിയുടെ പ്രധാനികള്‍. എന്നാലിവര്‍ ഒന്നോ രണ്ടോ പ്രാവശ്യം വന്നു പലതും പറഞ്ഞു വിശ്വസിപ്പിച്ച് പോവുകയായിരുന്നു. പിന്നീട് തിരിഞ്ഞുനോക്കിയതുമില്ല. ഇതിനിടെ താമസ സ്ഥലത്തു നിന്നും ഇവരെ പറത്താക്കി. വിവരം അറിഞ്ഞെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ വിബിന്‍ ജോസാണ് ഇവര്‍ക്ക് താമസ സൗകര്യമൊരുക്കിയത്.
Post Your Comments