വാഷിങ്ടന്‍ / ബെയ്ജിങ് : ചൈനയില്‍ നിന്നുള്ള 20,000 കോടി ഡോളര്‍ വിലവരുന്ന ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ യുഎസ് 10 ശതമാനത്തില്‍ നിന്ന് 25% ആയി ഉയര്‍ത്തി. വ്യാപാരമേഖലയെ ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് യു.എസ് എടുത്തിരിക്കുന്നത്. ഈ തീരുമാനത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന പ്രതികരിച്ചതോടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നത് ഏകദേശം ഉറപ്പായി.
ചര്‍ച്ചകള്‍ക്കായി ഉപപ്രധാനമന്ത്രി ലിയു ഹെയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വാഷിങ്ടനിലെത്തിയിരുന്നു. ചര്‍ച്ചകള്‍ സൃഷ്ടിപരമായിരുന്നെന്നും അതു തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. തീരുവ വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കുകയോ പിന്‍വലിക്കാതിരിക്കുകയോ ചെയ്യാം. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായുള്ള ബന്ധം ശക്തമായി തുടരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ഫെഡറല്‍ റജിസ്റ്റര്‍ നോട്ടിസ് അനുസരിച്ച് ചൈനയില്‍ നിന്ന് യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും ഇന്നലെ മുതല്‍ ഉയര്‍ന്ന തീരുവ (25%) ബാധകമാണ്. ചൈനീസ് ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ കമ്പനികളാണ് തീരുവ അടയ്ക്കേണ്ടത്. ചൈനയില്‍ നിന്നുള്ള 5700 തരം ഉല്പന്നങ്ങള്ക്ക് പുതിയ തീരുവ ബാധകമാണ്. യുഎസ് തീരുമാനം നിരാശാജനകവും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണെന്നാണ് ചൈനയുടെ പ്രതികരണം. അമേരിക്കയില്‍ നടന്നു വന്ന ഇറുക്കുമതിയിലൂടെ ചൈന വന്‍ വ്യാപാരനേട്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്. എന്നാല്‍ പുതുക്കിയ തീരുവ വളരെ കൂടുതലാണെന്നാണ് ചൈന ആരോപിക്കുന്നത്.
Post Your Comments