പുനലൂർ : പ്രവർത്തന ദിവസം ജീവനക്കാർ വിവാഹത്തിന് പോയി, ജീവനക്കാർ കൂട്ടത്തോടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഭവത്തിൽ സപ്ലൈ ഓഫീസറെ സസ്പെൻഡ് ചെയ്തു. പുനലൂർ താലൂക്ക് സപ്ലൈ ഓഫീസർ കെ.പി.അനിൽകുമാറിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സപ്ലൈ ഓഫീസർ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുംവിധം ജീവനക്കാർക്ക് ഒന്നിച്ച് ആകസ്മികാവധി അനുവദിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
സംഭവത്തിൽ ഭക്ഷ്യ-പൊതുവിതരണ ഡയറക്ടർ ഡോ. ടി.എൽ.റെഡ്ഡിയാണ് ഉത്തരവിറക്കിയത്. തുടർന്ന് കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസർക്ക് പുനലൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ താത്കാലിക ചുമതല നൽകി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഓഫീസിലെ അസിസ്റ്റന്റ് സപ്ലൈ ഓഫീസറുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ജീവനക്കാർ കൂട്ടത്തോടെ പോയത്. 18 ജീവനക്കാരുള്ള ഓഫീസിൽനിന്ന് 15 പേരും വിവാഹത്തിനു പോയി. ഇതോടെ ഓഫീസ് പ്രവർത്തനം താളംതെറ്റി.
പലവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ ജനത്തിന് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. മാധ്യമങ്ങളിൽ വാർത്തയായതോടെ ജില്ലാ സപ്ലൈ ഓഫീസർ വെള്ളിയാഴ്ച താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടെത്തി അന്വേഷണം നടത്തി. കൃത്യനിർവഹണത്തിൽ സപ്ലൈ ഓഫീസർ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയതോടെയാണ് നടപടി.
Post Your Comments